ഗുരുവായൂരപ്പന്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; നിരവധി വിദ്യാര്‍ഥിനികള്‍ ചികിത്സ തേടി
കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മുപ്പതോളം വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി വൈകിയും വിദ്യാര്‍ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി ഹോസ്റ്റല്‍ കാന്റീനില്‍ നിന്നു വെജിറ്റബിള്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
രണ്ട്, മൂന്ന് വര്‍ഷ ബിരുദ വിദ്യാര്‍ഥികളും ബിരുദാനന്തര ബിരുദത്തിലെ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളും ഉപയോഗിക്കുന്ന കാന്റീനാണിത്. രാത്രിയോടെ ഏതാനും വിദ്യാര്‍ഥിനികള്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെയും ഏതാനും വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദി അനുഭവപ്പെട്ടു. ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതുകയായിരുന്ന വിദ്യാര്‍ഥിനിക്കും അസ്വസ്ഥതയെ തുടര്‍ന്ന് പരീക്ഷ എഴുതാനായില്ല.
ഇതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന സംശയമുണ്ടായത്. ഇന്ന് പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികളില്‍ പലരും ആശുപത്രിയില്‍ ചികിത്സയിലാണ്. കോളജ് ഹോസ്റ്റലില്‍ ഗുരുതരമായ സംഭവമുണ്ടായിട്ടും അധികൃതര്‍ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ശേഷമാണ് പ്രിന്‍സിപ്പല്‍ ഹോസ്റ്റലിലെത്തിയത്.
തുടര്‍ന്ന് ഡോക്ടറുടെ സേവനം ലഭ്യമാക്കിയെങ്കിലും ഇയാള്‍ മരുന്നുകള്‍ നല്‍കി പോവുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വൈകീട്ടോടെയാണ് കാര്യമന്വേഷിക്കാന്‍ അധ്യാപകര്‍ ഹോസ്റ്റലിലെത്തിയതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."