നിരോധനം നീക്കാന്‍ ശക്തമായി ഇടപെടുമെന്ന് സര്‍ക്കാര്‍
സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. രാത്രിയാത്രാ നിരോധനം പിന്‍വലിക്കാന്‍ അനുകൂലമായ റിപ്പോര്‍ട്ട് കൊടുക്കാന്‍ സാഹചര്യമുണ്ടാകുമോയെന്നും അനുകൂലമായല്ല റിപ്പോര്‍ട്ട് കൊടുത്തതെങ്കില്‍ അത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാണോയെന്നുമായിരുന്നു സബ്മിഷന്‍.
രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ആ കാലംതൊട്ട് സംസ്ഥാന സര്‍ക്കാര്‍ രാത്രിയാത്രാ നിരോധനം നീക്കികിട്ടുന്നതിന് വേണ്ടി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ഓരോഘട്ടത്തിലും ചെയ്തിട്ടുണ്ട്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നവുമായി ബന്ധപ്പെട്ട് ബന്ദിപ്പുര മേഖലയില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ വനം, പരിസ്ഥിതി വകുപ്പുകള്‍ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
ഈ തര്‍ക്കത്തിന്റെ ഭാഗമായാണ് സുപ്രിംകോടതി ഒരു സബ്കമ്മിറ്റിയെ നിയോഗിച്ചത്. സുപ്രീംകോടതി നിയമിച്ച സബ്കമ്മിറ്റിയുടെ ആദ്യത്തെ സിറ്റിങ് കഴിഞ്ഞ മാസം ആറിന് നടന്നു. ബന്ദിപ്പുര മേഖലയില്‍ നേരിട്ട് പരിശോധന നടത്തി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സിറ്റിങ്ങിലുണ്ടായ തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ ബന്ദിപ്പുരയില്‍ സമിതി സന്ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരിന്റെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയോ യാത്രാനിരോധനത്തെ അനുകൂലിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
ആ മിനുട്ട്‌സ് അപ്രൂവ് ചെയ്തിട്ടില്ല. മിനുട്ട്‌സിലെ തെറ്റുകള്‍ ചൂണ്ടികാണിച്ചുകൊണ്ട് അത് തിരുത്തണമെന്നാവശ്യപ്പെട്ട് ഇതിനകം തന്നെ ബന്ധപ്പെട്ടവര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. സര്‍ക്കാരിന് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും രാത്രികാല യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കും. രാത്രികാല സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന കര്‍ണാടകത്തിലെയും കേരളത്തിലെയും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തെയെങ്കിലും യാത്രക്ക് അനുവദിക്കണമെന്ന നിര്‍ദേശമാണ് കേരളം ഏറ്റവുമൊടുവില്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിമാരുടെ യോഗം ബംഗളൂരുവില്‍ ഈ മാസം ഒന്‍പതിന് ചേര്‍ന്നപ്പോള്‍ ഈ വിഷയം ഈ രൂപത്തില്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും പാസാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും രാത്രിയാത്രാ നിരോധനം നീക്കി കിട്ടുന്ന കാര്യത്തില്‍ ശക്തമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."