പിതാവിന് നല്‍കിയ വാക്ക് പാലിച്ച് ഗാന ഗന്ധര്‍വന്‍ അധികാരി വളപ്പിലെത്തി
മട്ടാഞ്ചേരി: പിതാവിന് നല്‍കിയ വാഗ്ദാന സഫലീകരണവുമായി ഗാന ഗന്ധര്‍വന്‍ കെ.ജെ യേശുദാസ് ഒരിക്കല്‍ കൂടി ജന്മനാട്ടിലെ അധികാരി വളപ്പ് കപ്പേളയിലെത്തി. ലോകത്തെവിടെയാണെങ്കിലും ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പിലെ വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേള്ളയിലെ വണക്ക മാസ തിരുനാളിന്റെ നേര്‍ച്ചസദ്യ വിളമ്പാന്‍ യേശുദാസ് എത്തും.
പിതാവ് അഗസ്റ്റിന്‍ ഭാഗവതരും കൂട്ടാളികളുമൊരുക്കിയ സംഗീത വിരുന്നില്‍ പങ്കെടുത്ത യേശുദാസിനോട് പിതാവിന്റെ നിര്‍ദ്ദേശമായിരുന്നു ജീവിതം അവസാനിക്കുന്നതുവരെ വണക്കമാസ സംഗീതാര്‍ച്ചന അധികാരി വളപ്പിലെ കപ്പേളയില്‍ നടത്തണമെന്നത്. അറുപത്തിയാറ് വര്‍ഷമായി യേശുദാസ് ഈ വാക്ക് പാലിച്ച് വരികയാണ്.
സാധാരണ മാര്‍ച്ച് 31 നാണ് ദാസ് കപ്പേളയില്‍ എത്തുന്നത് . ഇക്കുറി ഇത് ഈസ്റ്ററിന്റെ തലേ ദിവസമായതിനാല്‍ 21 ലേക്ക് മാറ്റുകയായിരുന്നു. ഇത്തവണ ഭാര്യ പ്രഭക്കും ഇളയ മകന്‍ വിജയിനും പുറമേ മൂത്ത മകന്‍ വിനോദും സഹോദരന്‍ ആന്റപ്പന്‍,സഹോദരി ജയമ്മ എന്നിവരും ദാസിനോടൊപ്പമുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കപ്പേളയില്‍ എത്തിയ ദാസ് സാധാരണ പോലെ പിതാവിന്റെ അടുത്ത സുഹൃത്തായ ബാരിഡിന്‍രെ വസതിയിലേക്കാണ് എത്തിയത്.
ഇവിടെ ഇപ്പോള്‍ ബാരിഡിന്റെ മകന്‍ വിനുവും കുടുംബവുമാണ് താമസിക്കുന്നത്. ഇവിടെ തയാറാക്കിവച്ചിരുന്ന നേര്‍ച്ച സദ്യ ഫാദര്‍ ക്രിസ്റ്റി കര്യാപ്പിള്ളി വെഞ്ചരിച്ചപ്പോള്‍ ദാസ് അതിന് സാക്ഷിയായി. തിരുകുടുംബത്തെ അനുസ്മരിച്ച് തോപ്പില്‍ ആന്റണി, ട്രീസ ആന്റണി, സാന്‍സിയ, ആന്റണി അലോഷ്യസ് എന്നിവര്‍ക്ക് നേര്‍ച്ചസദ്യ വിളമ്പി.
പിതാവിനോടുള്ള കടമ നിര്‍വഹിക്കാന്‍ അധികാരി വളപ്പ് കപ്പേളയിലെ വണക്ക മാസ തിരുനാളിനോടനുബന്ധിച്ചുള്ള സംഗീതാര്‍ച്ചന ഒരു തപസ്യയാക്കി മാറ്റിയ യോശുദാസ് ഇതും കഴിഞ്ഞാണ് ഇവിട നിന്ന് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."