വെള്ളിയാമറ്റം പഞ്ചായത്തിന് 14 കോടിയുടെ ബജറ്റ്
പന്നിമറ്റം: സന്‍സദ് ആദര്‍ശ് ഗ്രാം പഞ്ചായത്തായ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിന് 14 കോടിയുടെ വാര്‍ഷിക ബജറ്റ്. പഞ്ചായത്തിനെ ഭവനരഹിതരില്ലാത്ത പഞ്ചായത്താക്കി മാറ്റുമെന്ന് ഭരണസമിതി വ്യക്തമാക്കി. ഇതിനായി ലൈഫ് പദ്ധതിയ്ക്കു വേണ്ടി 2 കോടി 70 ലക്ഷം രൂപ മാറ്റി വെച്ചു. ഗ്രാമ പഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷാ പ്രതിസന്ധി അഭിമുഖീകരിക്കുന്നവര്‍ക്കായി ഈ വര്‍ഷം പകല്‍ വീട് ആരംഭിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കൃഷി മുഖ്യാശ്രയമായ പഞ്ചായത്തിലെ ജനങ്ങള്‍ക്കായി കാര്‍ഷിക പ്രോത്സാഹന പദ്ധതികള്‍ക്കാണ് ഈ വര്‍ഷം മുന്‍തൂക്കം നല്‍കുന്നത്. നെല്‍കൃഷി പ്രോത്സാഹനാര്‍ത്ഥം നിരവധി പാടശേഖര സമിതികള്‍ രൂപീകരിച്ച് പഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നുണ്ട്. ഇത്തരം പാടശേഖര സമിതികള്‍ക്ക് മെതിയന്ത്രം നല്‍കുന്നതിനും, തെങ്ങു കൃഷി പ്രോത്സാഹനത്തിനായി എല്ലാ വീടുകളിലും തെങ്ങിന്‍ തൈ നല്‍കുന്നതിനുമായി ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കായി ഭാവനാ പൂര്‍ണ്ണമായ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കായി പഠന മുറി, ലാപ്‌ടോപ് വിതരണം സ്‌കൂളില്‍ ശിശുസൗഹൃദ ശുചിമുറി എന്നിവ ഇതില്‍ ഉള്‍പ്പെടും.
പ്രസിഡന്റ് ഷീബ രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ടെസ്സിമോള്‍ മാത്യു, തങ്കമ്മ രാമന്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ സെക്രട്ടറി മറ്റ് ജീവനക്കാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."