വൈകി തുടങ്ങിയെങ്കിലും പരാതിക്കൊട്ടും കുറവില്ല
കൊല്ലം: കേരള യൂനിവേഴ്‌സിറ്റിയിലെ യുവജനോത്സവത്തില്‍ ഇന്നലത്തെ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്നേതന്നെ കല്ലുകടി.
പ്രധാന വേദിയായി എസ്.എന്‍ കോളജിലെ പ്രഛന്നവേഷം മത്സരം രാവിലെ ഒന്‍പതിനായിരുന്നു ആരംഭിക്കേണ്ടിയിരുന്നത് എന്നാല്‍ തുടങ്ങിയതാകട്ടെ മണിക്കൂറുകള്‍ വൈകി.
മത്സരം തുടങ്ങാന്‍ വൈകിയത് മത്സരാര്‍ഥികള്‍ക്കിടയില്‍ അമര്‍ഷം നിലനിന്നിരുന്നു.
ഇതു കൂടാതെ വിധികര്‍ത്താക്കള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തി ഒരു മത്സരാര്‍ഥി. സ്‌കൂള്‍ കലോത്സവങ്ങളില്‍ കാണാറുള്ള വിധികര്‍ത്താക്കളും പരിശീലകരുമായുള്ള ഒത്തുകളി സര്‍വകലാശാല കലോത്സവത്തിലും ആവര്‍ത്തിക്കുന്നുവെന്ന പരാതിയുമായാണ് തിരുവനന്തപുരം വിമന്‍സ് കോളജിലെ വിദ്യാര്‍ഥി സൗപര്‍ണിക പ്രദീപാണ് രംഗത്തെത്തിയത്.
പെണ്‍കുട്ടികളുടെ കഥകളി, പ്രഛന്ന വേഷം എന്നീ മത്സരങ്ങളുടെ ഫലത്തെച്ചൊല്ലിയാണ് ആരോപണമുയരുന്നത്.
കഥകളി മത്സരത്തില്‍ താഴ്ന്ന നിലവാരത്തില്‍ കളിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് ഒന്നാം സ്ഥാനം കിട്ടിയതെന്നാണ് സൗപര്‍ണിക ആരോപണം ഉന്നയിക്കുന്നത്. ഇരുവരും ഒരു ഗരുവിന്റെ ശിഷ്യരാണെന്നും മത്സരം തുടങ്ങുന്നതിനു മുന്‍പു തന്നെ അധ്യാപകര്‍ വിധി കര്‍ത്താക്കള്‍ക്കു സൂചന നല്‍കിയതായും ആക്ഷേപമുണ്ട്.
മത്സരാര്‍ഥികള്‍ സ്റ്റേജിലെത്തുന്നതിനു മുന്‍പ് തങ്ങളുടെ ശിഷ്യരാണെന്നു കര്‍ട്ടനിടയിലൂടെ ആംഗ്യഭാഷയില്‍ സൂചന നല്‍കി. അഞ്ച് പേരാണു പെണ്‍കുട്ടികളുടെ കഥകളി മത്സരത്തിനുണ്ടായിരുന്നത്.
അപ്പീല്‍ സമയം കഴിഞ്ഞു പോയതിനാല്‍ അപ്പീല്‍ നല്‍കാന്‍ സാധിച്ചില്ല. അതേസമയം പ്രഛന്ന വേഷ മത്സരത്തിലെ നിയമങ്ങള്‍ പാലിക്കാതെ വേദിയിലെത്തിയ വിദ്യാര്‍ഥിക്കു സമ്മാനം നല്‍കിയതായും സൗപര്‍ണിക പറയുന്നു.
ഇരുപതിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത പ്രഛന്ന വേഷ മത്സരത്തില്‍ ഏറെയും നിലവാരമില്ലാത്തവയാണെന്നായിരുന്ന കാണികളുടെ വിലയിരുത്തല്‍. സ്‌കൂള്‍ യുവജമോത്സവങ്ങളില്‍ കണ്ടു മടുത്ത വിഷയങ്ങള്‍ തന്നെ യൂനിവേഴ്‌സിറ്റി യുവജനോത്സവത്തിലും അതുപോലെ തന്നെ പ്രതിഫലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."