ഇനി 'പൂരക്കാഴ്ച'കളുടെ ഒന്‍പതു ദിനങ്ങള്‍
ചെറുവത്തൂര്‍: ഇന്നു മീനമാസത്തിലെ കാര്‍ത്തിക. ഇനി ഉത്തരകേരളം പൂരോത്സവ ലഹരിയിലേക്ക്. വീടുകളെയും കാവുകളെയും കഴകങ്ങളെയും ക്ഷേത്രങ്ങളെയും ഒരു പോലെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തുന്ന പൂരക്കാലം ഇന്നാട്ടിലെ ഊര്‍വരതയുടെ കാലം കൂടിയാണ്. മീന മാസത്തിലെ കാര്‍ത്തിക നാളില്‍ തുടങ്ങി പൂരം നാളില്‍ കൊടിയിറങ്ങും വിധം ഒന്‍പതു നാളുകളിലാണ് ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളും വടക്കന്‍ കേരളത്തിലുണ്ട്.
പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവ ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളാണ്. കാര്‍ത്തിക നാളിലാണ് മറ്റിടങ്ങളില്‍ പൂരത്തിന്റെ ആരംഭം.
കന്യകമാര്‍ക്കു പൂരക്കാലം വ്രതാനുഷ്ഠാനത്തിന്റെ ദിനങ്ങളാണ്. കാമപൂജയാണ് പൂരത്തിനു മുഖ്യം. പെണ്‍കൊടിമാര്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും.
കട്ടപ്പൂ, ചെമ്പകപ്പൂ, മുരിക്കിന്‍പൂ, വയറപ്പൂ, മുല്ലപ്പൂ തുടങ്ങിയവയാണ് പൂരപ്പൂക്കള്‍. പൂര ദിനത്തിലാണ് പൂവിട്ടു പൂജിച്ച കാമനെ യാത്രയാക്കുക.
പൂരക്കളി, മറത്തുകളി എന്നിവയെല്ലാം പൂരക്കാഴ്ചകളാണ്. 29നു പൂരം കുളിയോടെ പൂരാഘോഷത്തിനു സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."