ഫാറൂഖ് കോളജ് വിവാദം ബോധപൂര്‍വം?
മലബാറിലെ വിദ്യാഭ്യാസ ഭൂമികയില്‍ മാറ്റത്തിന്റെ സ്പര്‍ശം അടയാളപ്പെടുത്തിയ സാര്‍ഥകരുടെ കൈയൊപ്പ് പതിഞ്ഞ കലാലയമാണ് ഫാറൂഖ് കോളജ്.
മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ ഗ്രാഫ് ഉയര്‍ത്തിയതില്‍ കോളജിനുള്ള പങ്ക് നിഷേധിക്കാന്‍ ആര്‍ക്കും ആവില്ല. കണ്ണടച്ച് സത്യം മാറ്റിപ്പറയാന്‍ ധൈര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല. ജൗഹര്‍ മുനവ്വര്‍ സ്ഥാപനത്തിലെ ഒരു അധ്യാപകന്‍ മാത്രം. തന്റെ മതപക്ഷ വീക്ഷണം മതപഠന ക്ലാസില്‍ പറഞ്ഞത് വിവാദമാക്കി വൃത്തികേടാക്കാന്‍ ചിലര്‍ ഒരുമ്പെട്ടത് സദുദ്ദേശ്യപരമല്ല.
പെണ്ണുടല്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സ്വാതന്ത്ര്യത്തിന്റെ സ്വരം ഉയര്‍ത്തി രംഗത്തുവരുന്ന ചില ലിബറല്‍ മതപക്ഷവാദികളുണ്ട്. അവര്‍ വളര്‍ന്നതും വളരുന്നതും മുസ്‌ലിം സമുദായത്തിന്റെ മറപറ്റിയാണെങ്കിലും ചാടിക്കയറി മതപക്ഷ വീക്ഷണം ചെറുതാക്കി പറയാനും സ്വാഭിപ്രായം മതാഭിപ്രായമാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമിക്കാറുണ്ട്.
സ്ത്രീ-പുരുഷ ലിംഗ വ്യത്യാസത്തിന്റെ ജൈവപരവും ധാര്‍മികപരവുമായ അതിരുകള്‍ മാനിക്കണമെന്ന് പറയുന്നവരോട് അതൊരു യാഥാര്‍ഥ്യ ചിന്തയാണെന്ന് തിരിച്ചുപറയുന്ന ഭൗതിക ശേഷിപ്പ് പറയുന്നവര്‍ അറിയാതെ പോകുന്നു.
മാറ് മറക്കണമെന്നും മാന്യമായ വസ്ത്രം ധരിക്കാനും ഇടകലരുന്നതില്‍ സദാചാര നിഷ്ഠ പാലിക്കണം എന്നൊക്കെ പറയാന്‍ ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കിയിരിക്കെ അത് അരുതെന്ന് വിളിച്ചുപറയാന്‍ ആര്‍ക്കാണ് അധികാരം. ആണും പെണ്ണും ഒന്നിച്ച് ഡാന്‍സ് ചെയ്താല്‍ നിങ്ങള്‍ക്കെന്താ സാറന്മാരെ എന്ന് വിളിപ്പിക്കുന്നവര്‍. 2014 നവംബര്‍ 2ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ചുംബനസമരം നടത്തിയപ്പോഴും ശാരീരിക സ്വാതന്ത്ര്യവാദം ഉന്നയിച്ചിരുന്നു. സിനിമാനടി ശ്വേതയുടെ പ്രസവം ചിത്രീകരിച്ചപ്പോഴും ഈ നവ ലിബറല്‍ പക്ഷക്കാര്‍ പേനയും നാവും മുഷ്ടിയും പ്രയോഗിച്ച് രംഗത്ത് വന്നവരാണ്. മതപരമായ അഭിപ്രായം പറയുന്നവരെ അപഹസിക്കുന്നതിന് ഒരു സംഘടനയും നേതാക്കളും വസ്തുനിഷ്ഠാ പഠനങ്ങള്‍ക്കൊടുവില്‍ വരച്ചുവച്ചതാണ് മതാതിരുകള്‍. അത് ഏതാണെന്ന് പറയാനുള്ള അധികാര അവകാശമെങ്കിലും മതപണ്ഡിതന്മാര്‍ക്ക് നല്‍കാനുള്ള മാന്യതയും നൈതികതയും ഇല്ലാത്തവര്‍ക്ക് എങ്ങനെ സമൂഹത്തെ ദിശാബോധത്തോടെ നയിക്കാനാവും? പെണ്ണല്ല ഇത്തരം അപക്വമതികളായ ആണ് ഒരുമ്പെട്ടാലും മതകാര്യങ്ങളെ സംബന്ധിച്ച വീക്ഷണം പണ്ഡിതന്മാര്‍ പറയുകതന്നെ ചെയ്യും. ആ കാര്യത്തില്‍ ആര്‍ക്കും സംശയമോ ശങ്കയോ വേണ്ടതില്ല.
പര്‍ദ വിരോധം, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്വലാഖ് വ്യവസ്ഥ, ഇപ്പോള്‍ കടലാസ് പണിയിലുള്ള ഏക സിവില്‍കോഡ് വരെ എതിര്‍ക്കപ്പെടേണ്ടതാണ്. ഇവിടെയൊക്കെ നിരീശ്വര ഫാസിസ്റ്റ് ചേരികളെ സുഖിപ്പിച്ച് ഇമ്മിണി വലിയ സെക്യുലറാവാന്‍ വ്രതമെടുത്ത് നടക്കുന്നവര്‍ക്ക് സമുദായം കരുതിവച്ചത് പഠിച്ചു നോക്കണം. അത്തരക്കാരെ എഴുതിത്തള്ളാന്‍ സമുദായത്തിന് വേണ്ടുവോളം ഉള്‍ക്കരുത്തുണ്ട്.
മതാശയങ്ങളോട് മമതയില്ലാതെ വര്‍ത്തമാനം പറഞ്ഞ അക്കാലത്തെ എം.ഇ.എസ് പ്രസിഡന്റിനെ തിരുത്താന്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവന്നില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ സാന്നിധ്യം വടക്കേ ഇന്ത്യക്ക് സമാനമാകുമായിരുന്നില്ലേ. ഇത്തരം മത വിഷയങ്ങളില്‍ മുസ്‌ലിം യൂത്ത്‌ലീഗിലെ ചില നേതാക്കള്‍ പക്വമായ നിലപാടിന് അപ്പുറത്ത് പോകാന്‍ പാടില്ലായിരുന്നു.
സ്ത്രീകളുടെ മത അതിരുകള്‍ സംബന്ധിച്ച് സുന്നി പക്ഷത്തിന്റെ വീക്ഷണത്തിന് വിരുദ്ധമായ ചില നിലപാടുകള്‍ മുജാഹിദ്-ജമാഅത്ത് തുടങ്ങിയ പക്ഷങ്ങള്‍ക്കുണ്ട്. സ്ത്രീ പള്ളി പ്രവേശനം ഉള്‍പ്പെടെ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിം യൂത്ത്‌ലീഗിലെ ചില നേതാക്കള്‍ക്ക് കക്ഷിചേരാവുന്ന മേഖലയല്ല അത്. മുസ്‌ലിം യുവത പ്രതീക്ഷയോടെ കാക്കുന്ന പിന്നാക്ക ന്യൂനപക്ഷ സംരക്ഷണം നല്‍കുന്ന കരളുറപ്പും ചുമലുറപ്പും ഉള്ള നേതൃത്വമാണ് പച്ചയായി പറഞ്ഞാല്‍ കറകളഞ്ഞ രാഷ്ട്രീയ നേതൃത്വം.
മതം പറയാനും തര്‍ക്കിക്കാനും അതാതിന്റെ വക്താക്കളും വേദികളും ഉണ്ട്. അത് ആ വഴിക്ക് വിടണം. ആരോഗ്യപരമായ സംവാദം അവസാനിപ്പിക്കേണ്ടതില്ല. പൊളിറ്റിക്കല്‍ അജണ്ട വിട്ട് വൈകാരികത തേടിപ്പോയവരാരും രാഷ്ട്രീയ വിജയം കണ്ടിട്ടില്ല. ഫാസിസ്റ്റ് ശൈലി സ്വീകരിക്കാന്‍ ശ്രമിക്കുന്നത് ആപത്തല്ല, അത്യാപത്താണ്. ശൈഥില്യവും അകല്‍ച്ചയും സൃഷ്ടിക്കുന്ന ഒരു സോഴ്‌ലര്‍ പരുവമുള്ള അലങ്കാരമുള്ള നേതൃത്വമല്ല വേണ്ടത്. ധാരാളം വെല്ലുവളികള്‍ പൊതു പരിസരങ്ങളില്‍ നിലനില്‍ക്കെ അകത്തുകയറി വിളക്ക് ഊതി തലക്കടിക്കുന്ന ചിലരുടെ സമീപനം ഒട്ടും ശരിയായില്ല. ആണും പെണ്ണും ഏത് സംസ്‌കാരമാണ് സ്വീകരിക്കേണ്ടതെന്ന് ആര് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പണ്ഡിത നേതൃത്വം പറഞ്ഞുകൊണ്ടേയിരിക്കും. അതാണ് പണ്ഡിത ധര്‍മം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."