ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക വിദ്യാഭ്യാസ പദ്ധതി
മലപ്പുറം: ഭിന്നലിംഗക്കാരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി. കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക പദ്ധതി ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ വിവിധ ജില്ലകളില്‍ നിന്നായി പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള 918 ഭിന്നലിംഗക്കാരെയാണ് കണ്ടെത്തിയിരുന്നത്.
ഇതില്‍ 145 പേര് നിലവില്‍ സാക്ഷരതാ-തുല്യതാ കോഴ്സില്‍ ചേര്‍ന്നു പഠനം നടത്തുന്നവരാണ്. നാലാം തരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെ നാലു സ്റ്റേജുകളിലായാണ് യോഗ്യത പരിഗണിച്ച് പ്രവേശനം നല്‍കുന്നത്. കോഴ്സിന് ചേരുന്നവര്‍ക്ക് പഠന കാലയളവില്‍ താമസിക്കുന്നതിനായി പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുക്കും.
തുല്യതാ കോഴ്സില്‍ ചേരുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്, പ്രത്യേക തൊഴില്‍ പരിശീലനം എന്നിവയും ലഭിക്കും. ഇതിനായി സാമൂഹ്യനീതി ഡയറക്ടറുടെ അഭ്യര്‍ഥന പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം 35 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."