ദുരിതമനുഭവിക്കുന്ന കലാകാരന്മാര്‍ക്കായി 'സന്തോഷഭവനം'
തിരുവനന്തപുരം: ദുരിതം അനുഭവിക്കുന്ന, കലാ-സാഹിത്യ പ്രവര്‍ത്തകരെ വാര്‍ദ്ധക്യത്തില്‍ പാര്‍പ്പിക്കുന്നതിനായി 'സന്തോഷഭവനം' എന്ന പേരില്‍ ഒരു വയോമന്ദിരം സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. റൂറല്‍ ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കുകയും കലാകാരന്മാരുടെ ഉത്പന്നങ്ങള്‍ക്ക് ലോകമാര്‍ക്കറ്റില്‍ ഇടം കണ്ടെത്തുകയും ചെയ്യും.
സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന് സ്വന്തമായി ആസ്ഥാന മന്ദിരം നിര്‍മിക്കുമെന്നും നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥിരം നാടകവേദിക്ക് സംഗീത നാടക അക്കാദമിയില്‍ സ്ഥലം കണ്ടെത്തി. പ്രവൃത്തി പെട്ടെന്ന് തന്നെ തുടങ്ങും. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സൗകര്യപ്രദമായ പാതയോരങ്ങള്‍ കണ്ടെത്തി സാംസ്‌കാരിക ഇടനാഴികളായി വികസിപ്പിക്കുന്ന നാട്ടരങ്ങ് പദ്ധതി നടപ്പിലാക്കും. അന്താരാഷ്ട്ര നൃത്ത സംഗീതോത്സവം സംഘടിപ്പിക്കും. കേരള സംഗീതനാടക അക്കാദമിയോടു ചേര്‍ന്ന് മാനവീയം വീഥി മാതൃകയില്‍ സാംസ്‌കാരിക വീഥി രൂപപ്പെടുത്തും. അവാര്‍ഡ് തുക വര്‍ധിപ്പിച്ച് കെ.സി.എസ് പണിക്കര്‍ പുരസ്‌കാരം, പദ്മിനിപുരസ്‌കാരം, കേസരി പുരസ്‌കാരം എന്നിവ പുനസ്ഥാപിക്കും.
മലയാള സിനിമയുടെ നവതിയാഘോഷം നടപ്പുവര്‍ഷം വിവിധ പരിപാടികളോടെ ആചരിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സര്‍വവിജ്ഞാന കോശം 18-ാം വാല്യത്തിന്റെ പ്രസിദ്ധീകരണം പൂര്‍ത്തിയാക്കും, 19, 20 വാല്യങ്ങളുടെ വസ്തുതാശേഖരണവും നടത്തും.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുസ്തകങ്ങള്‍ യൂണിക്കോഡിലേക്ക് മാറ്റും. 100 ശാസ്ത്രസാങ്കേതിക പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കും. മലയാളത്തിന് തനതായ ഒരു പേജ് ലേ ഔട്ട് സോഫ്റ്റ്‌വേര്‍ വികസിപ്പിക്കും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."