വീട്ടുനികുതി: പഴയനിരക്ക് തുടരും
തിരുവനന്തപുരം: അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുനികുതി പഴയനിരക്ക് തുടരുമെന്ന് തദ്ദേശ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ അറിയിച്ചു.
ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് പുതുക്കിയ നിരക്ക് വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതുസംബന്ധിച്ച് നടപടികള്‍ തുടര്‍ന്നുവരുന്നതേയുള്ളൂ. 2013 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലുള്ള നിരക്കാവും തുടരുക. പഞ്ചായത്തുകളില്‍ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് മൂന്നുരൂപയും ഏറ്റവും കൂടിയ നിരക്ക് എട്ടുരൂപയുമാണ് . മുനിസിപ്പാലിറ്റികളില്‍ പാര്‍പ്പിടാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ആറു രൂപയും ഏറ്റവും കൂടിയ നിരക്ക് 15 രൂപയുമാണ്. കോര്‍പ്പറേഷനുകളില്‍ ഇത് യഥാക്രമം എട്ടും ഇരുപതുമാണ്. കുറഞ്ഞ നിരക്കും കൂടിയ നിരക്കും നിശ്ചയിച്ചിരിക്കുന്നത് വിവിധ സോണുകള്‍ അടിസ്ഥാനമാക്കിയാണ്. ഓരോ ഇനം കെട്ടിടത്തിനും അതിന്റെ ഉപവിഭാഗങ്ങള്‍ക്കും ഒരു ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണത്തിന് ബാധകമായാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."