എല്‍.ഡി.എഫ് സെക്രട്ടറിയെ നീക്കി; ചെങ്ങന്നൂരില്‍ സമുദായ വോട്ടിനായി സി.പി.എം നീക്കം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്താന്‍ സി.പി.എം കൊണ്ടുപിടിച്ച ശ്രമത്തില്‍.
കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന് കണ്ടതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയെ മാറ്റാന്‍ സി.പി.എം നിര്‍ബന്ധിതമായത്. സെക്രട്ടറിയായിരുന്ന എം.എച്ച് റഷീദിനെ നീക്കി പകരം സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ പി. വിശ്വംഭരപ്പണിക്കരെയാണ് അവരോധിച്ചത്.
റഷീദിനെ ട്രഷറര്‍ ആയും മാറ്റിനിയമിച്ചു. ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയതിന് ശേഷമാണ് റഷീദിനെ മാറ്റിയത്. ഇതിന്റെ കാരണം നേതൃത്വം വ്യക്തമാക്കുന്നുമില്ല. ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥിമോഹികളില്‍ പ്രധാന പേരുകാരനായ വിശ്വംഭരപ്പണിക്കരെ തഴഞ്ഞാണ് ജില്ലാ സെക്രട്ടറി സജി ചെറിയാനെ പ്രഖ്യാപിച്ചത്.
60 ശതമാനം നായര്‍ വോട്ടുകളുള്ള ചെങ്ങന്നൂരില്‍ പണിക്കരെ തഴഞ്ഞാല്‍ തിരിച്ചടി കിട്ടുമെന്ന ഭയമാണ് പാര്‍ട്ടിയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്.
പത്തുശതമാനം മാത്രം മുസ്‌ലിം വോട്ടുകളുള്ള മണ്ഡലത്തില്‍ എം.എച്ച് റഷീദിനെ നീക്കിയാല്‍ കാര്യമായ എതിര്‍പ്പ് ഉണ്ടാകില്ലെന്നും പാര്‍ട്ടി കരുതുന്നു. എന്നാല്‍ പണിക്കരെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്നും പാര്‍ട്ടി ഭയക്കുന്നു.
യു.ഡി.എഫിലും ബി.ജെ.പിയിലും സ്ഥാനാര്‍ഥികള്‍ നായര്‍ സമുദായത്തില്‍നിന്നുള്ളവരായതാണ് സി.പി.എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."