അറബ് രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി
റിയാദ്: അറബ് രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി. 'ഗള്‍ഫ് ഷീല്‍ഡ് 1' എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തിന് സഊദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് തുടക്കമായത്. ഒരുമാസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ 23 രാജ്യങ്ങളാണ് പെങ്കടുക്കുന്നത്.
സൈനിക സന്നദ്ധത വര്‍ധിപ്പിക്കുക, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുക എന്നിവയാണ് സൈനികാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. സഖ്യരാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ ഖത്തറും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് പാകിസ്താന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കര, വ്യോമ, നാവിക സേനകളാണ് സൈനികാഭ്യാസത്തില്‍ പങ്കാളികളാകുന്നത്. ഗള്‍ഫ്, അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്ക, ബ്രിട്ടന്, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. മേഖലയിലെ വെല്ലുവിളി നേരിടാന്‍ സൈനിക കരുത്ത് വര്‍ധിപ്പിക്കണമെന്ന് സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സൈനികാഭ്യാസം സംഘടിപ്പിച്ചത്. അതിനിടെ, അമേരിക്കയും സഊദിയും നടത്തിവന്ന സംയുക്ത സൈനികാഭ്യാസം കഴിഞ്ഞദിവസം അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."