കിഴക്കന്‍ ഗൂഥയില്നിന്ന് വിമതരുടെ പിന്‍വാങ്ങല്‍ ആരംഭിച്ചു
ദമസ്കസ്: സിറിയയിലെ കിഴക്കന്‍ ഗൂഥയില്‍ നിന്ന് വിമത വിഭാഗങ്ങളുടെ പിന്‍വാങ്ങല്‍ ആരംഭിച്ചു. സര്‍ക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിമതര്‍ നഗരത്തില്‍ നിന്ന് ഒഴിഞ്ഞ് പോക്ക് ആരംഭിച്ചത്. 72 റിബലുകള്‍ ഉള്‍പ്പെടെ 452 പേര് ഇന്നലെ ഹരസ്ത നഗരം വിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു മാസമായി തുടരുന്ന കിഴക്കന്‍ ഗൂഥയിലെ ആക്രമണങ്ങള്‍ക്കിടെ ആദ്യമായാണ് വിമതരുടെ പിന്‍വാങ്ങല്‍ ആരംഭിച്ചത്. റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 1,500 പേര്കൊല്ലപ്പെട്ടുവെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. ഇതുവരെ 50,000 പേര് പലായനം ചെയ്തിട്ടുണ്ട്.
ഹരസ്തക്ക് ചുറ്റുമായി കിഴക്കന്‍ ഗൂഥയെ മൂന്നായി ഭാഗിച്ചതോടെയാണ് പലായനം രൂക്ഷമായത്. വിമതരും സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ തടവില്‍ കഴിയുന്നവരുടെ കൈമാറ്റം ആരംഭിച്ചിരുന്നു. സൈനികന് ഉള്‍പ്പെടെ വിമതര്‍ പിടികൂടിയ 13 പേരെ വിട്ടയച്ചുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഹരസ്ത നിയന്ത്രിക്കുന്ന അഹറാര്‍ അല്‍ ഷാം എന്ന സംഘടന ആക്രമണങ്ങള്‍ ഉപേക്ഷിക്കാമെന്ന് സര്‍ക്കാരുമായി കരാര്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെയുള്ള വിമതര്‍ ഇദ്ലിബിലേക്ക് പലായനം ചെയ്തുവെന്ന് വാര്‍ത്ത ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."