ബി.ജെ.പിക്കെതിരേ മഹാസഖ്യം രൂപീകരിക്കണമെന്ന് ശരത് യാദവ്
ലഖ്നൗ: ബി.ജെ.പിക്കെതിരേ മഹാസഖ്യം രൂപീകരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുന്‍ ജെ.ഡി.യു നേതാവ് ശരത് യാദവ്.
ബി.ജെ.പി രാജ്യത്തെ വര്‍ഗീയ വല്‍ക്കരിക്കുകയാണെന്നും അതുകൊണ്ടുതന്നെ മതേതരത്വം നിലനില്ക്കണമെങ്കില് ആ പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് തുരത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക നീതി ഉറപ്പാക്കാന്‍ വര്‍ഗീയതയെ ചെറുത്തുതോല്പ്പിക്കേണ്ടതുണ്ടെന്നും അതിന് ബി.ജെ.പിയെ അധികാരഭ്രഷ്ടരാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ലഖ്നൗവില്‍ പറഞ്ഞു.
രാജ്യത്താകമാനം വര്‍ഗീയത പ്രചരിപ്പിച്ചാണ് ബി.ജെ.പി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതിനെതിരേ വലിയ യുദ്ധമാണ് മഹാസഖ്യം രൂപീകരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുമെന്നും ശരത് യാദവ് പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപീകരിക്കണമെന്ന ആവശ്യകത യാത്രയിലുടനീളം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്കെതിരേയും അവരുടെ വര്‍ഗീയ അജന്ഡക്കെതിരേയും പ്രവര്‍ത്തിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ക്ഷണിക്കുകയാണ്. വാജ്പേയ്, എല്‍.കെ അദ്വാനി എന്നിവര്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന കാലത്ത് താന്‍ എന്‍.ഡി.എ കണ്‍വീനറായിരുന്നു. എന്നാല്‍ അന്നത്തെ അവസ്ഥയല്ല ബി.ജെ.പിയുടെ നയപരിപാടിയിലുള്ളത്.
സാമൂഹിക വിഭജനമാണ് ഇപ്പോഴത്തെ ബി.ജെ.പി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് രാജ്യത്തെ വലിയ ദുരന്തത്തിലേക്കാണ് എത്തിക്കുകയെന്നും ശരത് യാദവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."