സാക്ഷരകേരളം ലജ്ജിക്കണം ദലിതന്റെ വീട്ടിലെ ഭക്ഷണത്തിന് അയിത്തം
നീലേശ്വരം (കാസര്‍കോട്): ദലിതന്റെ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാതെ നിര്‍മാണതൊഴിലാളികള്‍. കാസര്‍കോട് നീലേശ്വരത്താണ് സംഭവം.
പരപ്പയിലെ പ്രമുഖ നാടക കലാകാരനും പട്ടികവര്‍ഗ വിഭാഗക്കാരനുമായ കൊടക്കല്‍ വീട്ടില്‍ രാമകൃഷ്ണന്‍ നിര്‍മിക്കുന്ന വീടിന്റെ ജോലിക്കെത്തിയ തദ്ദേശീയരായ നിര്‍മാണതൊഴിലാളികളാണ് ഭക്ഷണം കഴിക്കാതെ അയിത്തം കല്‍പ്പിച്ചത്. ഭക്ഷണത്തിന് അയിത്തം കല്‍പ്പിക്കുന്നവര്‍ ജോലി ചെയ്യേണ്ടെന്ന് രാമകൃഷ്ണന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഇവര്‍ ജോലി നിര്‍ത്തിപോയി. വടകര വരദയെന്ന പ്രൊഫഷണല്‍ നാടകസംഘത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ തുമ്പ കോളനിയിലാണ് രാമകൃഷ്ണന്‍ വീട് നിര്‍മിക്കുന്നത്. വീടിന്റെ കോണ്‍ക്രീറ്റ് പണിക്ക് ഒരാഴ്ച മുന്‍പ് എത്തിയവരില്‍ ചിലരാണ് രാമകൃഷ്ണന്റെ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാനാവില്ലെന്ന് പറഞ്ഞത്. നാടക അഭിനയവുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്‍ എറണാകുളത്തായതിനാല്‍ സഹോദരങ്ങളാണ് വീട് നിര്‍മാണം നോക്കിനടത്തുന്നത്. വീടുപണിക്ക് വന്നവര്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കില്ലായെന്ന വിവരം ഭാര്യ രാമകൃഷ്ണനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍മാണ ജോലിയേറ്റെടുത്ത കരാറുകാരനുമായി ബന്ധപ്പെട്ട് ഭക്ഷണത്തിന് അയിത്തം പാലിക്കുന്നവരെ ഒഴിവാക്കിയാണ് പിന്നീട് കോണ്‍ക്രീറ്റ് ജോലി പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."