ആഗോള ഐ.ടി ഉച്ചകോടിക്ക് തുടക്കം ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം: മുഖ്യമന്ത്രി
കൊച്ചി: ബാങ്കിങ്, ആരോഗ്യം, വിനോദസഞ്ചാരം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ മുന്നേറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഥമ ഹാഷ് ഫ്യൂച്ചര്‍ ഗ്ലോബല്‍ ഐ.ടി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ ജീവിതശൈലി സാര്‍വത്രികമാക്കുകയും വിവരസാങ്കേതികരംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിവരസാങ്കേതികതയിലും അറിവിലും അധിഷ്ടിതമായ സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്.
ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനവും ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വഴി മികച്ച സാങ്കേതികവിദ്യാഭ്യാസം ലഭിക്കുകയും ചെയ്തതിനാലാണ് ഇത് സാധ്യമായത്. മാറുന്ന സമ്പദ്‌വ്യവസ്ഥക്കനുസൃതമായി യുവാക്കളുടെ തൊഴില്‍ വൈദഗ്ധ്യത്തെ സജ്ജമാക്കേണ്ടതുണ്ട്. ഡിജിറ്റല്‍ മേഖലയില്‍ ലോകനിലവാരമുള്ള അവസരങ്ങള്‍ സംസ്ഥാനത്തുതന്നെ ലഭ്യമാക്കണം.
ഐ.ടി പാര്‍ക്കുകളുടെ അടിസ്ഥാനസൗകര്യ വികസനമടക്കം ഇതിനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചുവരികയാണ്. ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍കൂടി വികസിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ഓരോ പൗരന്റെയും അവകാശമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഓരോ വര്‍ഷവും 1000 പബ്ലിക് വൈഫൈ സ്‌പോട്ടുകള്‍ പാര്‍ക്കുകളിലും ലൈബ്രറികളിലും അടക്കം ആരംഭിച്ചുകഴിഞ്ഞു. ഗ്രാമീണ, തീരദേശ മേഖലകള്‍ അടക്കം കണക്ടഡ് ആക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവയെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന് ലോകമെങ്ങുമുള്ള ഐ.ടി വിദഗ്ധരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള എം കേരള മൊബൈല്‍ ആപ്പും മുഖ്യമന്ത്രി പുറത്തിറക്കി. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഉന്നതാധികാര സമിതി ചെയര്‍മാന്‍ എസ്.ഡി ഷിബുലാല്‍, ഐ.ടി ഉപദേഷ്ടാവ് എം. ശിവശങ്കരന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഫ്യൂച്ചര്‍ കണ്‍വീനര്‍ വി.കെ മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."