കേരളം കീഴാറ്റൂരിലേക്ക്: മാര്‍ച്ചില്‍ ദയാബായിയും സാറാ ജോസഫും
കണ്ണൂര്‍: കീഴാറ്റൂര്‍ ജനതയോടും അവരുടെ കൂട്ടായ്മയായ വയല്‍ക്കിളികളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരില്‍ 25ന് നടക്കുന്ന ബഹുജന മാര്‍ച്ചില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിയും സാറാ ജോസഫും പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയര്‍ പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
വി.എം. സുധീരന്‍, സുരേഷ് ഗോപി എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ, കെ.കെ. രമ, കര്‍ണാടകയിലെ കര്‍ഷക സമര ജേതാവ് അനുസൂയാമ്മ, വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനാ നേതാക്കള്‍ എന്നിവരും പങ്കെടുക്കുമെന്ന് കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യസമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, കീഴാറ്റൂര്‍ സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അശാസ്ത്രീയമായ റോഡിന്റെ അലൈന്‍മെന്റിനെതിരേയാണ് സമരം നടക്കുന്നത്. മറ്റു സമരങ്ങള്‍ക്ക് കീഴാറ്റൂര്‍ ഊര്‍ജം പകരുമെന്നും സുരേന്ദ്രനാഥ് പറഞ്ഞു. ആകാശപ്പാതക്ക് കേന്ദ്ര സര്‍ക്കാരാണ് തടസമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.
അങ്ങനെയെങ്കില്‍ സമരത്തിന്റെ അന്തഃസത്ത മനസിലാക്കി സംസ്ഥാന സര്‍ക്കാരാണ് കേന്ദ്ര സര്‍ക്കാരിനോട് ഈ ആവശ്യമുന്നയിക്കേണ്ടത്.
കീഴാറ്റൂര്‍ സമരത്തിനെത്തുന്നവരെ മാവോയിസ്റ്റും തീവ്രവാദികളുമായി ചിത്രീകരിക്കുകയാണ് സി.പി.എമ്മെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. സി.പി.എമ്മിന്റെ ആറന്മുള സമരമാണ് തങ്ങള്‍ മാതൃകയാക്കുന്നത്. അതിനാല്‍ ആര്‍.എസ്.എസും എസ്.ഡി.പി.ഐയും പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും അദ്ദഹം പറഞ്ഞു. സമരപ്പന്തല്‍ കത്തിക്കുന്നതുള്‍പ്പെടെയുള്ള ഫാസിസ്റ്റ് നടപടികളിലൂടെ കീഴാറ്റൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു .
വാര്‍ത്താസമ്മേളനത്തില്‍ സമര ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ നോബിള്‍ എം.പൈക്കട, അംഗങ്ങളായ സൈനുദ്ദീന്‍ കരിവെള്ളൂര്‍, എന്‍.സുബ്രഹ്മണ്യന്‍, സണ്ണി അമ്പാട്ട് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."