വിജിലന്‍സ് കോടതികളില്‍ തീര്‍പ്പാക്കാനുള്ളത് 1,837 കേസുകള്‍
തിരുവനന്തപുരം: വിവിധ വിജിലന്‍സ് കോടതികളിലും ട്രൈബ്യൂണലുകളിലും കെട്ടിക്കിടക്കുന്നത് 1,837 അഴിമതിക്കേസുകള്‍. ഇവയില്‍ 90 ശതമാനത്തിലും അന്വേഷണം പാതി വഴിയില്‍. സര്‍ക്കാരോ സര്‍ക്കാര്‍ ജീവനക്കാരോ പ്രതികളായ കേസുകളാണ് അധികവും. വിജിലന്‍സിന്റെ മെല്ലെപോക്കാണ് കേസുകള്‍ കുന്നു കൂടാന്‍ കാരണമെന്ന് ആരോപണമുണ്ട്. സാധാരണ ഒരു അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്താല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലും അഞ്ചും വര്‍ഷമാണ് എടുക്കുന്നത്. 45 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിയമമെങ്കിലും പല കേസുകളിലും ഇതിന് അഞ്ചു മാസം വരെ എടുക്കുന്നുണ്ട്. ഇടയ്ക്ക് കോടതി ഇടപെടുമെങ്കിലും ഒഴിവുകള്‍ പറഞ്ഞ് വിജിലന്‍സ് കേസ് നീട്ടി കൊണ്ടു പോകുകയാണ് ചെയ്യുന്നത്.
2007ല്‍ രജിസ്റ്റര്‍ ചെയ്ത സിഡ്‌കോ അഴിമതിക്കേസ്, കെല്‍ട്രോണ്‍ അഴിമതി തുടങ്ങി നിരവധി കേസുകളില്‍ ഇപ്പോഴും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വിചാരണ തുടങ്ങുകയുള്ളൂ. വിചാരണ സമയത്തും കോടതികള്‍ വിജിലന്‍സിനോട് സംശയങ്ങള്‍ ചോദിക്കാം. എന്നാല്‍ അടിക്കടി ഉദ്യോഗസ്ഥരെ മാറ്റുന്നതിനാല്‍ വ്യക്തമായ മറുപടി നല്‍കാനും കഴിയാറില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് ഏറ്റവും കൂടുതല്‍ തീര്‍പ്പാക്കാനുള്ള കേസുകളുള്ളത്. 508 കേസുകളാണ് ഇവിടെ വിധി കാത്ത് കിടക്കുന്നത്. ഇതില്‍ 205 കലണ്ടര്‍ കേസുകളും (വിചാരണ തിയതി നിശ്ചയിച്ചവ), അന്വേഷണ ഘട്ടത്തിലുള്ള 207 കേസുകളും, പൊതു പ്രവര്‍ത്തകര്‍ നല്‍കിയ 96 സ്വകാര്യ അന്യായങ്ങളും ഉണ്ട്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 343 കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. ഇതില്‍ 118 കലണ്ടര്‍ കേസുകളും, എഫ്.ഐ.ആര്‍ സ്‌റ്റേജിലുള്ള 218 കേസുകളും, ഏഴ് ക്രിമിനല്‍ മിസലേനിയസ് പെറ്റിഷനുകളും ഉണ്ട്. കോട്ടയം വിജിലന്‍സ് കോടതിയില്‍ 183 കേസുകളും, തൃശൂരില്‍ 230 കേസുകളും, മുവാറ്റുപുഴയില്‍ 371 കേസുകളും, തലശ്ശേരിയില്‍ 163 കേസുകളും തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്. തിരുവനന്തപുരം വിജിലന്‍സ് ട്രൈബ്യൂണലിലാകട്ടെ 22 കേസുകളും, കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണലില്‍ 17 കേസുകളും നിലവിലുണ്ട്.
വിജിലന്‍സ് കേസുകള്‍ നടത്തുന്നതിനായി ഒരു അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും, ഒരു ലീഗല്‍ അഡൈ്വസറും, 8 അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍മാരും നിലവിലുണ്ട്. എന്നാല്‍ അഭിഭാഷകരുടെ കുറവ് കേസ് നടത്തിപ്പിനെ ബാധിക്കുന്നില്ലായെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്. കേസുകളിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പലരും സര്‍വിസില്‍ നിന്ന് പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും കോടതികളില്‍ കേസ് തീര്‍പ്പാക്കുന്നത്.
വിജിലന്‍സില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിലാണ് കേസ് നീണ്ടു പോകുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഒരു കേസന്വേഷണം തുടങ്ങിയാല്‍ അത് പകുതി എത്തുന്നതിനിടെ തന്നെ മറ്റൊരു കേസ് വരികയും ഉദ്യോഗസ്ഥര്‍ അതിനു പിന്നാലെ പോകുകയും ചെയ്യും. പിന്നെ പഴയ കേസുകെട്ട് എടുക്കണമെങ്കില്‍ എവിടെ നിന്നെങ്കിലും സമ്മര്‍ദമുണ്ടാകണം. സമ്മര്‍ദമില്ലാത്ത കേസുകളിലാകട്ടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളാണ് എടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."