58 റണ്‍സില്‍ പുറത്തായി; നാണംകെട്ട് ഇംഗ്ലണ്ട്
ഓക്ക്‌ലന്‍ഡ്: ആറ് വിക്കറ്റുകള്‍ വീഴ്ത്തി ട്രെന്റ് ബോള്‍ട്ടും നാല് വിക്കറ്റുകള്‍ പിഴുത് ടിം സൗത്തിയും മാരകമായി പന്തെറിഞ്ഞപ്പോള്‍ ഒന്നര മണിക്കൂറിനുള്ളില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര വെറും 58 റണ്‍സില്‍ കൂടാരം കയറി.
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇംഗ്ലീഷ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. മറുപടി ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നു.
ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കേ കിവികള്‍ക്ക് 117 റണ്‍സ് ലീഡ്. 91 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും 24 റണ്‍സുമായി നിക്കോള്‍സും ക്രീസില്‍ നില്‍ക്കുന്നു. ജീത് റാവല്‍ (മൂന്ന്), ടോം ലാതം (26), റോസ് ടെയ്‌ലര്‍ (20) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സന്‍ രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കിവി ക്യാപ്റ്റന്‍ വില്ല്യംസിന്റെ തീരുമാനം അക്ഷരം പ്രതി നടപ്പാക്കി ബോള്‍ട്ടും സൗത്തിയും പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലീഷ് ബാറ്റിങ്‌നിര നിലയില്ലാ കയത്തില്‍ അകപ്പെട്ട അവസ്ഥയിലായി. തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് അവര്‍ പവലിയനിലേക്ക് ഘോഷയാത്ര നടത്തി. ക്യാപ്റ്റന്‍ ജോ റൂട്ടടക്കം അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ സംപൂജ്യരായി മടങ്ങി.
27 റണ്‍സെടുക്കുന്നതിനിടെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് നാണംകെട്ട ഇംഗ്ലണ്ടിനെ 50 കടത്തിയത് ഏകദിന ശൈലിയില്‍ ബാറ്റ് വീശി പുറത്താകാതെ നിന്ന ക്രെയ്ഗ് ഓവര്‍ടന്‍ ആണ്. ഒറ്റയാള്‍ പ്രകടനം നടത്തിയ താരം അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 10.4 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 32 റണ്‍സ് വഴങ്ങി ബോള്‍ട്ട് ആറ് വിക്കറ്റെടുത്തപ്പോള്‍ സൗത്തി 10 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 20.4 ഓവറില്‍ 58 റണ്‍സിന് ചുരുട്ടിക്കൂട്ടി.
മൂന്നാം ടെസ്റ്റ്: ദക്ഷിണാഫ്രിക്ക പൊരുതുന്നു
കേപ് ടൗണ്‍: ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെന്ന നിലയില്‍ പൊരുതുന്നു. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 121 റണ്‍സുമായി ഓപണര്‍ ഡീന്‍ എല്‍ഗാര്‍ പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നതാണ് ആതിഥേയരുടെ ആകെയുള്ള പ്രതീക്ഷ. എല്‍ഗാറിനൊപ്പം ആറ് റണ്‍സുമായി കഗിസോ റബാഡയാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കവേ മധ്യനിരയേയും വാലറ്റത്തേയും തകര്‍ത്ത് പാറ്റ് കമ്മിന്‍സ് മാരകമായി പന്തെറിഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി മാറി.
64 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് വീശിയ ഡിവില്ല്യേഴ്‌സിനെ മടക്കി വിക്കറ്റ് വേട്ട തുടങ്ങിയ കമ്മിന്‍സ് പിന്നീട് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (അഞ്ച്), ബവുമ (ഒന്ന്), ക്വിന്റന്‍ ഡി കോക്ക് (മൂന്ന്) എന്നിവരേയും മടക്കി ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയിലേക്ക് തള്ളിയിടുകയായിരുന്നു.
മറുഭാഗത്ത് വിക്കറ്റുകള്‍ തുരുതുരേ വീണപ്പോഴും അക്ഷോഭ്യനായി നിന്ന് പൊരുതിയ ഡീന്‍ എല്‍ഗാര്‍ 253 പന്തുകള്‍ നേരിട്ട് 17 ഫോറും ഒരു സിക്‌സും സഹിതമാണ് കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയുമായി പുറത്താകാതെ നിന്നത്. ഓസീസിനായി കമ്മിന്‍സ് നാലും ഹാസ്‌ലെവുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."