വിവാദങ്ങള്‍ക്ക് വിരാമം വിവാദങ്ങള്‍ക്ക് വിരാമം
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് അഞ്ചാം ഏകദിന ക്രിക്കറ്റിന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് വേദിയാകും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ ടര്‍ഫ് കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ചൊരുക്കി അവിടെ മത്സരം നടത്താനുള്ള കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നിലപാടിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനേ തുടര്‍ന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍ വിളിച്ച ചര്‍ച്ചയ്‌ക്കൊടുവിലാണ് കെ.സി.എ നിലപാട് മാറ്റി മത്സരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചത്.
ഇന്നലെ കായിക മന്ത്രി എ.സി മൊയ്തീനെ സന്ദര്‍ശിച്ച കെ.സി.എ പ്രസിഡന്റ് റോംഗ്‌ളിന്‍ ജോണും സെക്രട്ടറി ജയേഷ് ജോര്‍ജും, ട്രഷറര്‍ അഡ്വ. ശ്രീജിത്ത് വി നായരും മത്സരം തിരുവനന്തപുരത്ത് നടത്താന്‍ സന്നദ്ധമാണെന്ന് അറിയിച്ചു. ഇതോടെ വേദിയെ ചൊല്ലി ഒരാഴ്ച്ചയായി നീണ്ടുനിന്ന തര്‍ക്കം അവസാനിച്ചു.
ചര്‍ച്ചയില്‍ നിലവിലെ സാഹചര്യങ്ങള്‍ കെ.സി.എ ഭാരവാഹികള്‍ മന്ത്രിയെ ധരിപ്പിച്ചു. ക്രിക്കറ്റിനായി സ്ഥിരം വേദി ഇല്ലാത്തതിന്റെ ആശങ്കയും അവര്‍ അറിയിച്ചു. കൊച്ചിയില്‍ സ്ഥിരം വേദി സ്ഥാപിക്കാനുള്ള കെ.സി.എയുടെ ശ്രമങ്ങള്‍ക്ക് മന്ത്രി എല്ലാ പിന്തുണയും പ്രഖ്യാപിച്ചതായി ചര്‍ച്ചക്ക് ശേഷം കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് വ്യക്തമാക്കി.
വിവാദം അവസാനിപ്പിക്കുന്നതിനായി ഇത്തവണ മത്സരം തിരുവനന്തപുരത്ത് നടത്തണമെന്ന മന്ത്രിയുടെ നിര്‍ദേശം കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനുഭാവപൂര്‍വം പരിഗണിക്കും. മന്ത്രിയുടെ നിര്‍ദേശം സംബന്ധിച്ച് കെ.സി.എ പ്രസിഡന്റ് മറ്റ് ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ഇക്കാര്യം നാളെ കോട്ടയം കുമരകത്ത് നടക്കുന്ന കെ.സി.എ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷം വേദി സംബന്ധിച്ച അന്തിമ തീരുമാനം ബി.സി.സി.ഐയെ അറിയിക്കും.
ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫിഫ അംഗീകാരമുള്ള കൊച്ചിയിലെ സ്റ്റേഡിയം മികച്ച സൗകര്യമുള്ളതാണ്. അത് സംരക്ഷിക്കേണ്ടതുണ്ട്.
അതോടൊപ്പം സ്ഥിരമായി ഫുട്‌ബോള്‍ മത്സരത്തിന് മാത്രം കൊച്ചി സ്റ്റേഡിയം വേദിയാക്കണമെന്ന അഭിപ്രായം സര്‍ക്കാരിനില്ല. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഫുട്‌ബോളും ക്രിക്കറ്റും നടത്തുന്നതില്‍ പ്രശ്‌നമില്ലെന്ന ഫിഫ അണ്ടര്‍ 17 ടൂര്‍ണമെന്റ് ഡയരക്ടര്‍ ഹവിയര്‍ സെപ്പിയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി പറഞ്ഞു. വരുംകാല ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി കൊച്ചിയിലെ സ്റ്റേഡിയത്തെ സജ്ജമാക്കുക എന്നതിനോടൊപ്പം കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായുള്ള ആവശ്യവും ഉയര്‍ന്ന് വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അഞ്ച് ക്രിക്കറ്റ് പിച്ച് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ളപ്പോള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ടര്‍ഫ് കുത്തിപ്പൊളിച്ച് ക്രിക്കറ്റ് മത്സരത്തിനായി ശ്രമിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇതിനെതിരേ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശശി തരൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്താന്‍ സഹായങ്ങള്‍ നല്‍കാമെന്നുള്ള ജി.സി.ഡി.എയുടെ നിലപാടിനെതിരേയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാധ്യമങ്ങളില്‍ ഈ വിഷയം സജീവമായി നിന്നതോടെ സംസ്ഥാന സര്‍ക്കാരും ഇടപെട്ടു. മന്ത്രിമാരായ എ.സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ കെ.സി.എയുടെ നിലപാടിനെതിരേ രംഗത്ത് വരികയും ചെയ്തു.
കൊച്ചിയില്‍ ക്രിക്കറ്റ് നടത്തിയാല്‍ ഐ.എസ്.എല്‍ ഹോം മാച്ചുകള്‍ പ്രതിസന്ധിയിലാകുമെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് അധികൃതരും അറിയിച്ചു. എന്നാല്‍ ജി.സി.ഡി.എയുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള തങ്ങള്‍ക്ക് സ്റ്റേഡിയം നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പ്രതിവര്‍ഷം വന്‍തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും എന്നിട്ടും അവിടെ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കഴിയാത്തതില്‍ ന്യായീകരണമില്ലെന്നും കെ.സി.എ വ്യക്തമാക്കി.
കേരളത്തിന്റെ ഏല്ലാ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും എത്തിച്ചേരാന്‍ പറ്റുന്ന സ്ഥലമെന്ന പരിഗണനയും മത്സരങ്ങള്‍ നടത്താന്‍ കൂടുതല്‍ താല്‍പര്യം കൊച്ചിയിലാണെന്നുമായിരുന്നു കെ.സി.എ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."