സമൃദ്ധി നല്‍കി വറ്റാതെ കൂളിത്തോട് ചിറ
ചെറുതുരുത്തി: ലോക ജലദിനത്തില്‍ ജല സമൃദ്ധിയുടെ നല്ല കാഴ്ചയുമായി പാഞ്ഞാള്‍ പൈങ്കുളം കൂളിത്തോട് ചിറ. ജനപ്രതിനിധിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും മുന്‍കരുതലിന്റെയും പ്രതീകമായി കൂളിത്തോട് ചിറ നില കൊള്ളുമ്പോള്‍ പാഞ്ഞാളിലെ നാലു വാര്‍ഡുകളില്‍ ജലസമൃദ്ധിയും ഉറപ്പാക്കുകയാണ്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ വാസുദേവന്റെ വാര്‍ഡിലാണു കൂളിത്തോട് ചിറ.
മികച്ച കര്‍ഷകന്‍ കൂടിയായ വാസുദേവന്‍ വേനലിനെ മുന്‍കൂട്ടി കണ്ടു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു ചിറ മാസങ്ങള്‍ക്കു മുമ്പു തന്നെ സുരക്ഷിതമാക്കുകയായിരുന്നു.
ചാക്കുകളില്‍ മണല്‍ നിറച്ചു ചിറ കെട്ടിയതിനൊപ്പം അരികുകള്‍ കയര്‍ ഭൂവസ്ത്രം അണിയിക്കുക കൂടി ചെയ്തതോടെ മികച്ച ജലസംഭരണ കേന്ദ്രങ്ങളിലൊന്നായി കൂളിത്തോട് മാറി. വേനല്‍ രൂക്ഷമായിട്ടും വെള്ളം വറ്റാതെ കിടക്കുന്ന ഈ ചിറയെ കുളിക്കുന്നതിനും വസ്ത്രമലക്കുന്നതിനും ആശ്രയിക്കുന്നതു നിരവധി പേരാണ്.
ഇതോടൊപ്പം പ്രദേശത്തെ ജലാശയങ്ങളിലേയ്ക്കു നീരുറവകള്‍ എത്തുമ്പോള്‍ ജലാശയങ്ങളേയും അതു സമ്പന്നമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."