ലോക ജലദിനം ആചരിച്ചു
എല്ലാമറിയാമെങ്കിലും ഒന്നും ചെയ്യില്ലെന്നതാണ് നമ്മുടെ രീതിയെന്ന് ബാബു പറശ്ശേരി
കോഴിക്കോട്: ജലസംരക്ഷണത്തിലും ജല സ്രോതസുകളെ പരിപാലിക്കുന്നതിലും മലയാളികള്‍ ഇനിയും ഉറക്കമുണര്‍ന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. ജലസംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും അറിയാമെങ്കിലും ഒന്നും ചെയ്യില്ലെന്നതാണ് നമ്മുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. സി.ഡബ്ല്യു.ആര്‍.ഡി.എം ലോക ജലദിനത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലാശയങ്ങളെ കാണാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാക്കിയത് നമ്മളാണ്. ടോയ്‌ലറ്റിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കുന്ന നാം പുതിയ വീട്ടില്‍ മഴവെള്ള സംഭരണിക്ക് പണം മുടക്കാന്‍ മടിക്കുകയാണെന്നും ജലാശയങ്ങളെ സംരക്ഷിക്കുക മാത്രമേ ഇന് രക്ഷയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മലിനപ്പെട്ട പുഴയും മറ്റും ശുദ്ധീകരിക്കുമ്പോള്‍ നിരവധി നിയമ, സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇതുകാരണം ആരും പുഴസംരക്ഷണത്തിനും മറ്റും രംഗത്തുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജലസംരക്ഷണത്തില്‍ മലയാളികള്‍ ഏറെ പിന്നിലാണെന്നും ഇവിടെ ഇഷ്ടംപോലെ വെള്ളമുണ്ടായിരുന്നതാണ് ഈ മനോഭാവത്തിലേക്ക് നയിച്ചതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ എന്‍.ഐ.ടി ഡയരക്ടര്‍ ശിവാജി ചക്രവര്‍ത്തി പറഞ്ഞു. വിദേശരാജ്യങ്ങളിലെ മാതൃകകള്‍ പകര്‍ത്തിയാല്‍ ജലദൗര്‍ലഭ്യത്തെ നേരിടാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജലദിനത്തിന്റെ ഭാഗമായി പാലാഴിക്കടുത്ത് മേത്തോട്ടുതാഴത്ത് കുളം നവീകരിക്കലും സഞ്ചരിക്കുന്ന വാട്ടര്‍ ലാബിന്റെ കുടിവെള്ള ഗുണമേന്മാ പരിശോധനയും നടന്നു.
സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ.എ.ബി അനിത അധ്യക്ഷയായി. എന്‍.ഐ.എല്‍.ടി അഡീഷനല്‍ ഡയരക്ടര്‍ ഡോ. പ്രതാപ് കുമാര്‍, സി.ഡബ്ല്യു.ആര്‍.ഡി.എം രജിസ്ട്രാര്‍ ഡോ. പി.എസ് ഹരികുമാര്‍, ഡോ. ദീപു എസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."