കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി; മുന്‍ പ്രവാസികള്‍ക്കും അംഗങ്ങളാകാം
മലപ്പുറം: ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ കുടുംബ സുരക്ഷാ പദ്ധതിയില്‍ ഇനി മുന്‍ പ്രവാസികള്‍ക്കും അംഗമാകാം. ജിദ്ദയില്‍നിന്നു 2015 ജനുവരി ഒന്നു മുതല്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയ മലപ്പുറം ജില്ലക്കാര്‍ക്ക് അംഗത്വം നല്‍കും. പദ്ധതിയുടെ അംഗത്വവിതരണ കാംപയിന്‍ ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് മലപ്പുറം കോട്ടക്കുന്ന് മജീദ് റഹ്മാന്‍ കുഞ്ഞിപ്പ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും.
പദ്ധതിയില്‍ അംഗമാകുന്ന വ്യക്തി മരണപ്പെട്ടാല്‍ നല്‍കിയിരുന്ന ആനുകൂല്യം രണ്ടു ലക്ഷം രൂപയില്‍നിന്ന് ഈ വര്‍ഷം മുതല്‍ അഞ്ചു ലക്ഷമായി ഉയര്‍ത്തി. മാരകമായ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്ക് മുപ്പതിനായിരം രൂപയോളം ചികിത്സാ അനുകൂല്യവും നല്‍കും. പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ ഏപ്രില്‍ 15നകം കമ്മിറ്റിയെ ഏല്‍പിക്കണം.
ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ മണ്ഡലം, പഞ്ചായത്ത്, ഏരിയ കമ്മിറ്റി ഭാരവാഹികള്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം പാസ്‌പോര്‍ട്ട് കോപ്പിയും നല്‍കണം. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് വി.പി മുസ്തഫ, ജനറല്‍ സെക്രട്ടറി മജീദ് കോട്ടീരി, പി.എം.എ ജലീല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."