പരിഭ്രാന്തി മാറാതെ ബാങ്ക് ജീവനക്കാര്‍
തലശ്ശേരി: ഐ.ഡി.ബി.ഐ ബാങ്ക് തലശ്ശേരി ശാഖയില്‍ വെടിപൊട്ടി ജീവനക്കാരി മരണപ്പെട്ടതില്‍ പരിഭ്രാന്തിയിലാണ് സഹജീവനക്കാര്‍. 13 ജീവനക്കാരാണു ലോഗന്‍സ് റോഡിലെ റാണി പ്ലാസ കോപ്ലക്‌സിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ ജോലി നോക്കുന്നത്. സ്ത്രീ ജീവനക്കാരാണ് അധികവും. ഇന്നലെ രാവിലെ ജീവനക്കാര്‍ എത്തിയ ശേഷമാണ് അപകടം സംഭവിച്ചത്.
ഭര്‍ത്താവ് സംഗീതിനൊപ്പം ഒരുമാസം മുമ്പാണു മരിച്ച വില്‍ന മുംബൈയില്‍ നിന്നു നാട്ടിലെത്തിയത്. സംഗീതിന്റെ പിതാവ് ഗംഗാധരന്‍ വര്‍ഷങ്ങളായി മുംബൈയില്‍ വ്യാപാരസ്ഥാപനം നടത്തിവരികയാണ്. നാട്ടിലെത്തിയശേഷം വില്‍ന ഐ.ഡി.ബി.ഐ ബാങ്കിലും സംഗീത് കണ്ണൂരിലെ സ്‌കൈപേള്‍ ഹോട്ടലിലും ജോലിക്കുകയറി. രണ്ടുവര്‍ഷം മുമ്പായിരുന്നു വില്‍നയും സംഗീതും വിവാഹിതരായത്.
ഇന്നലെ ഭര്‍തൃഗൃഹമായ പുന്നോല്‍ കൊമ്മല്‍വയലില്‍ നിന്നാണു വില്‍ന ബാങ്കിലെത്തിയത്. മകള്‍ക്കു ചെറിയൊരപകടം സംഭവിച്ചെന്ന് അറിഞ്ഞതോടെ മേലൂര്‍ തെങ്ങിന്‍തൈ ഉത്പാദക കേന്ദ്രത്തിലെ ജീവനക്കാരിയായ മാതാവ് സുധ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു. ചലനമറ്റ് കിടന്ന വില്‍നയെ കണ്ടപ്പോള്‍ തന്നെ സുധ വാവിട്ട് നിലവിളിച്ച് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കുഴഞ്ഞുവീണു.
ബാങ്ക് ജീവനക്കാര്‍ തങ്ങളുടെ പുതിയ സഹപ്രവര്‍ത്തക വെടിയേറ്റു മരിച്ചതിന്റെ ഞെട്ടലില്‍ നിന്നു മാറിയിട്ടില്ല. വെടിപൊട്ടുമ്പോള്‍ വില്‍നയുടെ സമീപത്ത് ഇരുന്ന് ജോലി ചെയ്യുകയായിരുന്ന രജിഷയ്ക്കു സംഭവത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ വിതുമ്പലടക്കാന്‍ കഴിയുന്നില്ല. രജിഷയുടെ മുഖത്തും തലയിലും മറ്റും വില്‍നയുടെ രക്തം തെറിച്ചുവീണിരുന്നു.
സംഭവശേഷം ബാങ്കിലെ വിശ്രമമുറിയിലിരുന്നു രജിഷ തലതാഴ്ത്തി ഏറെനേരം കരയുകയായിരുന്നു. രജിഷ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പിന്നീടു പൊലിസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയും ചെയ്തു. സഹപ്രവര്‍ത്തകയുടെ കാറിലാണു വില്‍നയെ തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ ബാങ്കിലെത്തി. സംഭവശേഷം സുരക്ഷാജീവനക്കാരനായ ഹരീന്ദ്രനും പരിഭ്രാന്തിയിലായിരുന്നു. ഇയാള്‍ തന്നെയാണു വിവരം പൊലിസില്‍ അറിയിക്കാന്‍ മാനേജരോട് ആവശ്യപ്പെട്ടത്. വിമുക്തഭടനായ ഹരീന്ദ്രന്‍ മൂന്നുവര്‍ഷത്തോളമായി ബാങ്കില്‍ ജോലിചെയ്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."