ദുരന്തത്തിന് വഴിയൊരുക്കി കുട്ടികളുടെ സാഹസികത
തൃക്കരിപ്പൂര്‍: മധ്യ വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നതോടെ ദുരന്തത്തിന് വഴിയൊരുക്കി കുട്ടികളുടെ സാഹസികത. തൃക്കരിപ്പൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ പ്‌ളാറ്റ് ഫോറത്തിലൂടെ സൈക്കിളുകള്‍ ഇരുപാളവും കടത്തിയാണ് കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്നത്. റെയില്‍വെ സ്‌റ്റേഷന് ഏറെ അകലയല്ലാത്ത ഒരു വിദ്യാലയത്തിലെ കുട്ടികളാണ് ഇത്തരത്തില്‍ സൈക്കിളുകളുമായി പാളം കടത്തുന്നത്. റെയില്‍വെ സ്‌റ്റേഷന്റെ വടക്ക് ഭാഗത്ത് ഉയരം കുറഞ്ഞ ഒന്നാം നമ്പര്‍ ഫ്‌ളാറ്റ് ഫോറത്തിലെത്തി അവിടെ നിന്ന് സൈക്കിള്‍ പൊക്കിയെടുത്ത് പാളം കടത്തി ഉയരമുള്ള രണ്ടാം നമ്പര്‍ പ്‌ളാറ്റ് ഫോര്‍ത്തില്‍ സാഹസികമായി എത്തിച്ചാണ് കുട്ടികളുടെ വിനോദം. അല്‍പ്പം അധിക സമയം സൈക്കിള്‍ ചവിട്ടുന്നത് ഒഴിവാക്കാനാണ് ഇത്തരം സാഹസിക പ്രവര്‍ത്തനത്തില്‍ കുട്ടികള്‍ മുതിരുന്നത്. കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗലൂരു ഭാഗത്തേക്ക് വരുന്ന വണ്ടി എളുപ്പത്തില്‍ കാണാന്‍ സാധിക്കാത്ത അവസ്ഥയുണ്ടിവിടെ. സ്‌റ്റേഷനില്‍ നിര്‍ത്താത്ത ട്രെയിനുകളാണെങ്കില്‍ പറയുകയും വേണ്ട. വണ്ടിയുടെ വേഗത കൂടുകയും ചെയ്യും. കൂടുതല്‍ വണ്ടികളും ഇവിടെ സ്‌റ്റോപ്പില്ലാത്തവയുമാണ്. ഉയരം കൂടിയ രണ്ടാം നമ്പര്‍ പ്‌ളാറ്റ് ഫോറം കടക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യവുമാണ്. രണ്ടുവര്‍ഷം മുമ്പ് കോഴിക്കോടുകാരിയായ കോളജ് വിദ്യാര്‍ത്ഥിനി രണ്ടാം നമ്പര്‍ ഫ്‌ലാറ്റ് ഫോറത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരണപ്പെടുകയുണ്ടായി. അതും മംഗലൂരു ഭാഗത്തുനിന്ന് വരുന്ന ട്രെയിനാണ് തട്ടിയത്. വളരെ ദൂരത്തുനിന്ന് ട്രെയിന്‍ കണ്ണില്‍പ്പെട്ടിട്ടും ഉയരമുള്ള പ്‌ളാറ്റ് ഫോറമാണ് വിദ്യാര്‍ഥിക്ക് വിനയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."