കുഞ്ഞനന്തന് പരോള്‍: നിയമം വിട്ട് കളിച്ചിട്ടില്ല- വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കുഞ്ഞനന്തന് പരോള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചേ കുഞ്ഞനന്തന്റെ കാര്യത്തില്‍ നടപടിയെടുത്തിട്ടുള്ളുവെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. വിയ്യൂരില്‍ 19 പേര്‍ക്ക് പരോള്‍ അനുവദിച്ചു. ടി.പി കേസിലെ പ്രതികളുടെ കാര്യം കമ്മിറ്റി പരിഗണിച്ചു. ചട്ടപ്രകാരം മാത്രമേ ഇക്കാര്യത്തില്‍ നടപടി എടുത്തിട്ടുള്ളു. മുന്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ റിവിഷന്‍ പ്രകാരം 400 ലേറെ തടവുകാര്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. ഈ സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചിട്ടില്ല. എല്ലാ സര്‍ക്കാറും നടത്തുന്ന കാര്യം മാത്രമേ ഈ സര്‍ക്കാരും നടത്തിയിട്ടുള്ളു. ഇക്കാര്യത്തില്‍ നടപടിയില്‍ രാഷ്ട്രീയം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന ആശങ്കക്ക് ഇപ്പോള്‍ അടിസ്ഥാനമില്ല. നിയമപരമായ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ ആരെയും വിട്ടയക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന് താല്‍പര്യമുള്ള കൊലക്കേസ് പ്രതികളെ വിട്ടയക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. പിന്നീട് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."