സമൂഹത്തെ കുറിച്ച് പൊലിസുകാര്‍ക്ക് നല്ല ധാരണ വേണം: മുഖ്യമന്ത്രി
തൃശൂര്‍: പൊലിസ് സേനയിലുളള ഉദ്യോഗസ്ഥര്‍ക്കു ചുറ്റുമുളള സമൂഹത്തെക്കുറിച്ചു നല്ല ധാരണ വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരം കേരളാ പൊലിസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ 29ാം ബാച്ച് ഡ്രൈവര്‍ പൊലിസ് കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലിസ് സേനയുടെ യശസ് ഉയര്‍ത്താന്‍ വേണ്ടിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഒരു ചെറിയ തെറ്റു ചെയ്താല്‍ പോലും അത് പൊലിസ് സേനയ്ക്ക് കളങ്കമുണ്ടാക്കും. അതുകൊണ്ട് അത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. പൊലിസ് സേന സാങ്കേതിക വൈവിധ്യമുളള വിഭാഗമായി മാറുകയാണ്. കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങിയ പൊലിസിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഡ്രൈവര്‍ പൊലിസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പ്രധാന പങ്കുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം യാത്ര ചെയ്യേണ്ടിവരും. പൊലിസ് സേനയില്‍ ആവശ്യത്തിന് വാഹനങ്ങളുണ്ട്. 7095 വാഹനങ്ങള്‍ ഉണ്ടെങ്കിലും ഡ്രൈവര്‍മാരുടെ കുറവുണ്ട്. ആ കുറവ് നികത്തുന്നത് വാഹനം ഓടിക്കാനറിയാവുന്ന പൊലിസുകാരാണ്.
2017 ജനുവരിയില്‍ ഇതിനു മാറ്റമുണ്ടാകാന്‍ ഡ്രൈവര്‍ പൊലിസ് കോണ്‍സ്റ്റബിള്‍മാരുടെ 1160 തസ്തികക്ക് അനുമതി നല്‍കി. അതിന്റെ ആദ്യഘട്ടത്തില്‍ 400 തസ്തികകള്‍ അനുവദിച്ചു. അവരുടെ പാസിങ്ങ് ഔട്ട് പരേഡാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലിസ് സാങ്കേതിക കാര്യങ്ങള്‍ നോക്കാന്‍ ടെക്‌നിക്കല്‍ ഓഫിസര്‍ ആവശ്യമാണെങ്കില്‍ ആ പോരായ്മ കൂടി പരിഹരിക്കും. പാസിങ്ങ് ഔട്ട് പരേഡ് കഴിഞ്ഞവര്‍ സംസ്ഥാനത്തെ പൊതുവിലുളള പൊലിസ് സേനയുടെ അംഗങ്ങള്‍ മാത്രമല്ലെന്നും പ്രത്യേക ചുമതലയുളളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റകൃത്യങ്ങള്‍ അതീവ സങ്കീര്‍ണമായ ഒരു കാലഘട്ടമായതിനാല്‍ ആധുനിക വാഹനങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളേയും കുറ്റവാളികളേയും നേരിടാന്‍ ഈ സൗകര്യം ആവശ്യമാണ്. ആ നിലയ്ക്കാണ് ഇവരെ സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍നിര വാഹന നിര്‍മാതാക്കളുടെ തൊഴില്‍ശാലയില്‍ പരിശീലനം നല്‍കിയത് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാണ്. പൊലിസ് ഉപയോഗിക്കുന്ന ആധുനിക വാഹനങ്ങളായ വരുണ്‍, വജ്ര, ഹെവി റിക്കവറി വാന്‍, മിനി റിക്കവറി വാന്‍, ക്രെയിന്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച ക്ലാസ്സുകളും ലഭിച്ചു കഴിഞ്ഞു. ആ നിലയ്ക്ക് ശരിയായ പ്രവര്‍ത്തനങ്ങള്‍ നടത്താനുളള ശേഷി കൈവരിച്ചവരാണെന്നും ഭാവി ശോഭനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി ബെസ്റ്റ് ഇന്‍ഡോര്‍ (ജിനിഷ് കെ), ബെസ്റ്റ് ഷൂട്ടര്‍ (അനീഷ് എന്‍.എന്‍), ബെസ്റ്റ് ഔട്ട് ഡോര്‍ (സുരാജ് എസ്), ഓള്‍ റൗണ്ടര്‍ (ഹരി കെ) എന്നിവര്‍ക്കുളള സമ്മാനം മുഖ്യമന്ത്രി കൈമാറി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പൊലിസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി സന്ധ്യ, തൃശൂര്‍ മേഖലാ റേഞ്ച് ഐ.ജി എം.ആര്‍ അജിത്ത് കുമാര്‍, ജില്ലാ പൊലിസ് മേധാവി (സിറ്റി) രാഹുല്‍ ആര്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊലിസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍. വിജയകുമാര്‍ സേനാംഗങ്ങള്‍ക്കുളള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 381 സേനാംഗങ്ങള്‍ പരേഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."