കണ്ണുള്ളവര്‍ കാണുന്നില്ല ഈ കണ്ണുപരിശോധകരെ
പ്രത്യേകിച്ച് കാഴ്ച്ച പ്രശ്‌നങ്ങളൊന്നുമില്ലാത്ത അമേരിക്കയിലെ അലെക്‌സില്‍ ടിറലെന്ന എട്ട് വയസുകാരിയെ കഴിഞ്ഞ ദിവസം അമ്മ ലോറെല്‍ ഒരു സാധാരണ പരിശോധനക്കായി ഒരു ഒപ്‌ടോമെട്രിസ്റ്റിന്റെ അടുത്തെത്തിച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം സംശയം തോന്നിയ ഒപ്‌ടോമെട്രിസ്റ്റ് നടത്തിയ പരിശോധന രക്ഷപ്പെടുത്തിയത് അലക്‌സിലിന്റെ ജീവന്‍ തന്നെയായിരുന്നു. ഒരുപക്ഷേ, അലെക്‌സില്‍ ഇന്ത്യയിലായിരുന്നെങ്കില്‍ വിലകൂടിയ കണ്ണടയും ധരിച്ച് മരണത്തിലേക്ക് പോവുമായിരുന്നു.
രോഗിയുടെ കാഴ്ച വൈകല്യത്തിന്റെ തോതും രോഗനിര്‍ണയവും നടത്തി രോഗിക്ക് ആവശ്യമായ ചികിത്സ നിര്‍ദേശിക്കുന്നവരാണ് ഒപ്‌ടോമെട്രിസ്റ്റ്. ഇവര്‍ നല്‍കുന്ന കുറിപ്പിന് അനുസരിച്ചാണ് ഡോക്ടര്‍മാര്‍ വിശദപരിശോധന നടത്തുന്നത്. നമ്മുടെ കണ്ണുകള്‍ എന്തെങ്കിലു പ്രശ്‌നം വന്നാല്‍ 100ല്‍ 40 പേരും വിദഗ്ധചികിത്സ തേടുന്നു. ബാക്കി 60 പേര്‍ എവിടേക്ക് പോകുന്നു? ഇവരെ ലക്ഷ്യം വച്ചാണ് നാടിന്റെ മുക്കിലും മൂലയിലും സൗജന്യ കംപ്യൂട്ടറൈസഡ് കണ്ണടശാലകള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ കണ്ണട നിര്‍ദേശിക്കുന്നത് ആരാണെന്നോ എങ്ങനെയാണെന്നോ ആരും അന്വേഷിക്കാറില്ല. എന്തിന് സര്‍ക്കാരിന് പോലും ഇതില്‍ താല്‍പ്പര്യമില്ല. ഇത്തരം കണ്ണടശാലകള്‍ കാഴ്ച്ച വൈകല്യത്തിന്റെ തോത് അളക്കുന്ന യന്ത്രം മാത്രമാണ് ഉണ്ടാവുക. കണ്ണട ഫിറ്റര്‍ മുതല്‍ വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ ഇവിടങ്ങളില്‍ ചികിത്സ തീരുമാനിക്കും. കൃത്യമായ ചികിത്സയോ രോഗ കാരണത്തിനുള്ള ചികിത്സയോ ഇവിടങ്ങളില്‍ ലഭിക്കാതെ അന്ധതയിലേക്കെത്തിക്കുകയാണ്.
അലെക്‌സിലിനെ രക്ഷിച്ച ഒപ്‌ടോമെട്രിസ്റ്റിന് അമേരിക്കന്‍ ആരോഗ്യവകുപ്പിന്റെ ലൈസന്‍സ് ആവശ്യമുണ്ടെങ്കില്‍ ഇന്ത്യയില്‍ ഓട്ടോമേറ്റഡ് റിഫ്രാക്ട്രോമീറ്റര്‍ എന്ന യന്ത്രം മാത്രം മതി. പഞ്ചേന്ദ്രീയങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ കണ്ണിന്റെ ചികിത്സക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ല. അത് കൊണ്ട് തന്നെ ഒരു നേത്രപരിശോധകനെ വയ്ക്കുന്നത് ഒരു അധിക ചെലവായാണ് കാണുന്നത്. പാരമ്പര്യ ചികിത്സകരെ പോലും വ്യാജ ചികിത്സയായി കാണുമ്പോള്‍ ജനങ്ങളുടെ കണ്ണിന്റെ കാര്യത്തില്‍ അധികാരകള്‍ കണ്ണടക്കുകയാണ്. കണ്ണുമായി ബന്ധപ്പെട്ട ചികിത്സകളെ ചികിത്സയായി അധികാരികള്‍ കാണുന്നില്ല എന്നതാണ് സത്യം. മുന്‍പ് 25,000 പേര്‍ക്ക് ഒരു ഒപ്‌ടോമെട്രിസ്റ്റ് എന്ന നിലയിലായിരുന്നു കാര്യങ്ങളെങ്കില്‍ ഇന്നതിന് നല്ല മാറ്റം വന്നിട്ടുണ്ട് എന്നിട്ടും കാഴ്ച്ച പരിശോധനക്ക് യാതൊരു നിയന്ത്രണവും അധികാരികള്‍ കൊണ്ടുവരുന്നില്ല.
ഇന്ത്യയില്‍ 45.6 കോടി ജനങ്ങള്‍ പരിഹരിക്കാവുന്ന വിവിധ കാഴ്ച്ച തകരാറുകള്‍ കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ പ്രാഥമിക കാഴ്ച്ച പരിശോധകരെ സര്‍ക്കാരുകള്‍ കാണാതെ പോവുകയാണ്. കൃത്യമായ ചികിത്സയും മറ്റും ലഭിക്കാതെ ഇവരില്‍ 50 ശതമാനം പേരും ഒഴിവാക്കാനാവുന്ന അന്ധതയിലേക്ക് എത്തുന്നുണ്ട്. ഇത് ഓരോ വര്‍ഷവും ഇന്ത്യയുടെ ഉത്പാദനക്ഷമതയിലും അന്ധത നിവാരണ പ്രവര്‍ത്തനങ്ങളിലുമുണ്ടാക്കുന്ന നഷ്ടം 1.40 ലക്ഷം കോടി രൂപയാണ്. ഒരുപക്ഷെ കൃത്യമായ ചികിത്സക്ക് ഇതിന്റെ പകുതി തുക പോലും ആവശ്യം വരില്ല.
ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ ആയ കേരളത്തിന്റെ അവസ്ഥയും വളരെ പരിതാപകരമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും അവശ്യത്തിന് ഒപ്‌ടോമെട്രിസ്റ്റില്ല. തിരുവന്തപുരം താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്നത് സഞ്ചരിക്കുന്ന കണ്ണാശുപത്രിയിലെ ഒപ്‌ടോമെട്രിസ്റ്റിനെ ഉപയോഗിച്ചാണ്. ദിവസവും ഒ.പിയിലെത്തുന്ന രോഗികളെ പരിശോധിക്കാന്‍ ഇവര്‍ക്കാവുന്നില്ല. ഇതിനിടയില്‍ വേണം അന്ധത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. തിരുവന്തപുരം താലൂക്ക് ആശുപത്രിക്ക് മാതൃകയാണ് പേരൂര്‍ക്കട മാതൃക സര്‍ക്കാര്‍ ആശുപത്രി. ഇവിടെ ഒരു ഒപ്‌ടോമെട്രിസ്‌റ്റെങ്കിലുമുണ്ട്. ആര്‍ദ്രം പദ്ധതി ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കുമ്പോഴും സാധരണക്കാരായ ജനങ്ങള്‍ക്ക് ഇത്തരം വ്യാജ ചികിത്സകള്‍ തേടേണ്ടി വരുകയാണ്. ജനങ്ങളുടെ നികുതിപണം കൊണ്ട് പതിനായിരങ്ങളുടെ കണ്ണടകള്‍ ധരിച്ച് നിയമ നിര്‍മ്മാണം നടത്തുന്നവര്‍ ജനങ്ങളുടെ കാഴ്ച കളയുന്നവര്‍ക്കെതിരെ നിയമ നിര്‍മാണം നടത്തുന്നില്ല. കൃത്യമായ പരിശോധന ലഭിക്കാതെ പാവപ്പെട്ട ജനങ്ങളെ അന്ധരാക്കുന്ന ഇത്തരം ചികിത്സകള്‍ക്കെതിരെ സര്‍ക്കര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."