അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി സഊദി
ജിദ്ദ: അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സേവനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ഹജ്ജ് മന്ത്രാലയം നിര്‍ദേശം നല്‍കി.
ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിനായി 235 സര്‍വീസ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്കുള്ള സേവനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. വരും വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗതാഗത സൗകര്യം താമസ സൗകര്യം തുടങ്ങിയവ മെച്ചപ്പെടുത്തണം. തീര്‍ഥാടകരുടെ താമസ സ്ഥലത്തെ കുറിച്ച വിവരം നല്‍കാനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.
ഹജ്ജ് സേവനങ്ങള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കണ്ട്രോള്‍ സെന്റര്‍ തുറന്നതായും മന്ത്രാലയം അറിയിച്ചു. പത്തു ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് താമസിക്കാവുന്ന ആയിരത്തി ഇരുനൂറോളം ഹോട്ടലുകള്‍ മക്കയില്‍ സജ്ജമാണ്. 134ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ ആണ് ഹാജിമാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുക. ദിനംപ്രതി 334,000 പേര്‍ക്ക് യാത്ര ചെയ്യാനുള്ള ബസുകള്‍ ഹജ്ജ് വേളയില്‍ സജ്ജമാക്കും. അടുത്ത ഓഗസ്റ്റില്‍ ആണ് ഇത്തവണത്തെ ഹജ്ജ്. കഴിഞ്ഞ നവംബറില്‍ ഉംറ സീസണ്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ നാല്പത് ലക്ഷത്തിലേറെ പേര്‍ ഉംറ നിര്‍വഹിച്ചതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അഞ്ചു ശതമാനം കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."