അഴിമതി കേസുകളില്‍ 150 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ നടപടി സ്ഥിരീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഴിമതിക്കേസുകളില്‍ 150 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തുവെന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ അഴിമതിക്കേസ് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയത്. കൃഷി വകുപ്പില്‍ 186 പേര്‍ക്കെതിരേ അന്വേഷണം നേരിടുമ്പോള്‍ ആറു പേര്‍ക്കെതിരേ മാത്രമാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ 63 പേര്‍ അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നുവെങ്കിലും ആര്‍ക്കെതിരേയും നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി നല്‍കിയ കണക്കുകളില്‍ വ്യക്തമാക്കുന്നു.
പൊതുമരാമത്ത് വകുപ്പില്‍ അഴിമതിക്കാരെ കൂട്ടത്തോടെകണ്ടെത്തിയിട്ടും അഞ്ചു പേര്‍ക്കെതിരേ മാത്രമേ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തുള്ളൂ എന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം.
മുഖ്യമന്ത്രി ഇന്നലെ സഭയില്‍വച്ച കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ നടപടി സ്വീകരിച്ചത് റവന്യൂ വകുപ്പിലാണ്- 33 പേര്‍. രണ്ടാം സ്ഥാനത്ത് തദ്ദേശ സ്വയംഭരണ വകുപ്പിലാണ്- 26 പേര്‍.
വകുപ്പുകളില്‍നിന്നു നല്‍കിയ വിവരം വച്ചാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതെങ്കിലും ഇതിനും നാലിരട്ടി പേരാണ് ഇപ്പോഴും വിവിധ അന്വേഷണങ്ങള്‍ നേരിടുന്നത്. പലതിന്റെയും അന്വേഷണം പാതി വഴിയിലാണ്. ചിലതാകട്ടെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും ഫൈനല്‍ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ കുരുങ്ങിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."