ടി.പി കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷായിളവ് സഭയില്‍ പ്രതിഷേധം, ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: ചട്ടങ്ങള്‍ മറികടന്ന് ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കുന്നതിനെതിരേ നിയമസഭയില്‍ പ്രതിപക്ഷപ്രതിഷേധം.
വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുള്ള സണ്ണി ജോസഫിന്റെ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതിയായി ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞനന്തനെ വിട്ടയക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന് വ്യക്തമായ വ്യവസ്ഥകള്‍ വിധി ന്യായത്തില്‍ തന്നെ വിചാരണകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഒരു കോടതിയിലും അപ്പീല്‍ പാടില്ല.
എന്നാല്‍ ഈ കേസില്‍ മൂന്ന് അപ്പീലുകള്‍ ഉയര്‍ന്ന കോടതികളില്‍ നിലനില്‍ക്കുന്നുണ്ട്. സ്വജനപക്ഷപാതത്തിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് നിയമപ്രകാരമല്ലാതെ ആരെയും വിട്ടയക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു.
ഇതുവരെ ആരും വിട്ടയക്കാനുള്ള നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. വിട്ടയക്കുമ്പോള്‍ പരിശോധിക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തി മാത്രമേ ആരെയായാലും വിട്ടയക്കുകയുള്ളു.
അങ്ങനെയല്ലാതെ ഒന്നും ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ വിടുകയായിരുന്നു. ചട്ടങ്ങള്‍ മറികടന്ന് കൊലക്കേസ് പ്രതിക്ക് ശിക്ഷായിളവ് നല്‍കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ ചോദിച്ചു.
പരോള്‍ പ്രതി പാര്‍ട്ടി ഓഫിസുകള്‍ ഉദ്ഘാടനം ചെയ്യുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. കൊടുംകുറ്റവാളികളെ വിട്ടയക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബി.ജെ.പി അംഗം ഒ. രാജഗോപാലും വാക്കൗട്ടില്‍ പങ്കുചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."