സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സി.പി.എമ്മിന്റെ തൊഴില്‍ വിലക്ക്
തളിപ്പറമ്പ്: വയല്‍കിളി സമരനായകന് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനെ ചുമട്ടുജോലിയില്നിന്ന് വിലക്കിയതായി പരാതി. കീഴാറ്റൂര്‍ ചന്ദ്രോത്ത് ഹൗസിലെ രതീഷിനാണ് ഫെബ്രുവരി 13 മുതല്‍ ജോലി നിഷേധിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളാ ഹെഡ്ലോഡ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന് കീഴില്‍ ബക്കളം ഡിവിഷനില്‍ ജോലിചെയ്തുവരികയായിരുന്നു രതീഷ്. 13ന് രാവിലെ ജോലിക്കെത്തിയപ്പോള്‍ ഡിവിഷന് സെക്രട്ടറി വിളിപ്പിക്കുകയും നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്ന് അറിയിക്കുകയുമായിരുന്നു.
ഇതുസംബന്ധിച്ച് രതീഷ് അസി. ലേബര്‍ ഓഫിസര്‍ക്ക് പരാതി നല്കി. തളിപ്പറമ്പ് ലേബര്‍ ഓഫിസര്‍ രണ്ട് തവണ വിളിപ്പിച്ചിട്ടും യൂനിയന്‍ നേതാക്കള്‍ എത്തിയില്ല. മാപ്പപേക്ഷ നല്കിയാല് തിരിച്ചെടുക്കാം എന്നാണ് നേതാക്കളുടെ നിലപാട്. എന്നാല്‍ യാതൊരു വിശദീകരണവും ചോദിക്കാതെയാണ് തന്നെ ജോലിയില്‍നിന്ന് ഒഴിവാക്കിയതെന്ന് രതീഷ് പറഞ്ഞു. തെറ്റ് ചെയ്യാതെ മാപ്പ് പറയേണ്ട ആവശ്യമില്ല.
ജോലി ചെയ്തിരുന്ന സ്ഥാപന ഉടമകളുമായോ, അവിടത്തെ ജോലിക്കാരുമായോ സംഘടനയിലെ മറ്റ് അംഗങ്ങളുമായോ ഒരുതരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും രതീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."