ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായം
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സുധാകരന് ജയില്‍ ഡി.ജി.പിക്ക് പരാതി നല്കി.
കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ സ്്പെഷല്‍ സബ് ജയിലില്‍ അധികൃതര്‍ വഴിവിട്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്നാണ് പ്രധാന പരാതി. സുഹൃത്തായ പെണ്‍കുട്ടിയുമായി മൂന്നു ദിവസത്തിനിടെ 12 മണിക്കൂര്‍ സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ ആകാശ് തില്ലങ്കേരിക്ക് സൗകര്യം ചെയ്തുകൊടുത്തു. ശുഹൈബ് കേസിലെ പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും ഇവര്‍ക്ക് ജയിലില്‍ വലിയ സ്വാതന്ത്ര്യമാണെന്നും സുധാകരന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടും അധികാരത്തിന്റെ എല്ലാ തണലിലുമാണ് പ്രതികള്‍ ജയിലില്‍ കഴിയുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
നേരത്തെ മട്ടന്നൂരിലെ മറ്റൊരു കൊലപാതക കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴും സ്പെഷല്‍ സബ് ജയിലില്‍ ആകാശിന് പ്രത്യേക പരിഗണന നല്‍കിയതായി പരാതിയുണ്ടായിരുന്നു. കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് ജയിലില്‍ ആകാശിനെ സന്ദര്‍ശിച്ചത്.
നേരത്തെ ഈ യുവതിയുമൊത്ത് ആകാശ് കൂത്തുപറമ്പ് രക്തസാക്ഷി മന്ദിരത്തിന് മുന്‍പില്‍നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് ആകാശിനെ ശാസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."