ഓപ്പറേഷന്‍ അനന്തക്ക് നാഥനില്ല; ജനവും വ്യാപാരികളും ദുരിതത്തില്‍
മണ്ണാര്‍ക്കാട്: ഏറെ കൊട്ടിയാഘോഷിച്ച് മണ്ണാര്‍ക്കാട് നഗരത്തില്‍ തുടങ്ങിയ ഓപ്പറേഷന്‍ അനന്ത നാഥനില്ലാതെ ഇഴയുന്നു. നഗരത്തില്‍ ട്രാഫിക് പരിഷ്‌കാരങ്ങളടക്കം നിരവധി നവീന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി തുടങ്ങിയത്.
എന്നാല്‍ ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി, ദേശീയ പാത തുടങ്ങിയവ വകുപ്പുകളുടെ അനാസ്ഥയാണ് പദ്ധതി പാതി വഴിയില്‍ നല്‍ക്കാന്‍ കാരണം. ഇവിടെ മാതൃകാ പരമായി പ്രവര്‍ത്തിച്ചത് വൈദ്യുതി വകുപ്പും, റവന്യു വകുപ്പുമാണ്. സമയ ബന്ധിതമായി വൈദ്യുതി പോസ്റ്റുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, വൈദ്യുതി ലൈനുകള്‍ എന്നിവ മാറ്റുന്നതിലും വൈദ്യുതി അധിക സമയങ്ങളില്‍ കട്ടാക്കാതെയുമാണ് വൈദ്യുതി വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തി പൂര്‍ത്തിയാക്കിയത്.
അനന്തയുടെ പ്രവര്‍ത്തന പുരോഗതി നിലച്ചതോടെ ജനവും വ്യാപാരികളും ഏറെ ദുരിതത്തിലാണ്. കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെയുളള മണ്ണാര്‍ക്കാട് നഗരത്തിലെ അനധികൃത കയ്യേറ്റങ്ങളാണ് ഓപ്പറേഷന്‍ അനന്തയിലൂടെ ഒഴിപ്പിച്ചെടുത്തത്. എ.എസ്.പി പട്ടയത്തിന്‍മേല്‍ നിയമ നടപടി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുളള 21 കയ്യേറ്റങ്ങള്‍ മാത്രമാണ് ഇനി ഒഴിപ്പിക്കാന്‍ ബാക്കിയുളളത്.
ഒഴിപ്പിക്കല്‍ നടപടി ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹ്ബാവയുടെ നേതൃത്വത്തിലുളള റവന്യു വകുപ്പിന്റെ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അനന്തയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ മുമ്പെതന്നെ ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളും ഏകോപിപ്പിക്കേണ്ട ആവശ്യകത ഉയര്‍ത്തി കാട്ടിയിരുന്നു.
എന്നാല്‍ ഈ ഏകോപനമില്ലായ്മയാണ് കയ്യേറ്റം ഒഴിപ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒഴിപ്പിച്ചെടുത്ത നഗര ഭാഗങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ മാറ്റിയെടുക്കാനൊ, നഗര വികസനം നടപ്പാക്കാനൊ കഴിയാത്ത സ്ഥിതിയാക്കിയിരിക്കുന്നത്.
കെട്ടിടങ്ങള്‍ പൊളിക്കുകയും കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കുകയും ചെയ്തതോടെ നഗരത്തിലെ അഴുക്കുചാല്‍ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്.
മലിന ജലം റോഡിലൂടെ ഒഴുകുന്നത് കൂടാതെ മഴക്കാലമായതോടെ നഗരം വെളളകെട്ടില്‍ മുങ്ങിയിരിക്കുകയാണ്. ദേശീയ പാതയുടെ പല ഭാഗങ്ങളും മഴശക്തമായി പെയ്യുന്നതോടെ മുട്ടോളം വെളളത്തില്‍ മുങ്ങി കിടക്കുകയാണ്.
മഴപെയ്താല്‍ വാഹന ഗതാഗതവും പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളും, ചെറുകിട വാഹനങ്ങളും, കാല്‍നടയാത്രക്കാരും ഏറെ ദുരിതത്തിലാണ്. കെട്ടികിടക്കുന്ന മഴവെളളത്തില്‍ മാലിന്യം കൂടി കലരുന്നതോടെ ഗുരുതരമായ ആരോഗ്യ ഭീഷണിയും നേരിടുന്നുണ്ട്. ഓപ്പറേഷന്‍ അനന്തയുടെ ലക്ഷ്യം പൂര്‍ത്തിയാക്കി നഗരത്തില്‍ ഗതാഗത പരിഷ്‌കാരമടക്കമുളള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."