പാലക്കാട് ഡിവിഷനിലെ വികസനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന്
പാലക്കാട്: റെയില്‍വെ പാലക്കാട് ഡിവിഷനിലെ വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാണി അറിയിച്ചു. ഒരാഴ്ച നീണ്ട റെയില്‍വെ 'ഹം സഫര്‍ സപ്ത' പരിപാടിയുടെ സമാപനം കുറിച്ചു വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചീകരണം, കാറ്ററിങ് സര്‍വീസ് കാര്യക്ഷമമാക്കല്‍, യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കല്‍, ടിക്കറ്റ് കലക്ഷന്‍ ഡ്രൈവ്, കൃത്യത, ജീവനക്കാരുടെ ക്ഷേമവും പരിസ്ഥിതിയുംഎന്നിവയായിരുന്നു പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. പരിപാടി വിജയകരമായി നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. ടിക്കറ്റ് പരിശോധനയിലൂടെ 15 ശതമാനം കൂടുതല്‍ വരുമാനമുണ്ടാക്കാനുമായി. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ഗൂഗിളുമായി ചേര്‍ന്നുള്ള സൗജന്യ വൈഫൈ ഡാറ്റ സര്‍വീസ് ജൂലൈയില്‍ മംഗളൂരുവിലും കോഴിക്കോടും നിലവില്‍വരും.
സ്ത്രീകളുടെ സുരക്ഷക്കായി നിലവിലുള്ള ടോള്‍ഫ്രീ നമ്പര്‍ 182 ഫലപ്രദമായി ഉപയോഗപ്പെടുത്താനാവും. സ്‌റ്റേഷനുകളില്‍ കൂടുതല്‍ ലൈറ്റുകള്‍ ഏര്‍പ്പെടുത്തും. നാല് ട്രെയിനുകളില്‍ സ്ത്രീഎസ്‌കോട്ട് ഏര്‍പ്പെടുത്തി.റെഡ് ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്.
റയില്‍വെ ലൈന്‍ വികസനത്തിനായി എല്‍ഐസിയില്‍ നിന്ന് 1.5 ലക്ഷം കോടി കടമെടുക്കുന്നത് കൂടാതെ സംസ്ഥാന സര്‍ക്കാരുകളുമായി വികസനഉടമ്പടിയുണ്ടാക്കാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.അതിന്റെ ഭാഗമായി കൂടുതല്‍ വികസനംവരും. കോഴിക്കോട്, പാലക്കാട്, മംഗളരൂസ്‌റ്റേഷനുകളില്‍ എസ്‌കവലേറ്റര്‍ സ്ഥാപിച്ചുകഴിഞ്ഞു. കണ്ണൂരില്‍ നിര്‍മാണത്തിലാണ്.
പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന സബ്‌വേ നിര്‍മാണം കണ്ണൂരില്‍ മൂന്ന് മാസം കൊണ്ടു പൂര്‍ത്തിയാക്കും. പാലക്കാട് റെയില്‍വെ സ്‌റ്റേഷനിലെ ഡിജിറ്റല്‍ റൂട്ട് ഇന്റര്‍ലോക്ക് സംവിധാനം നാലിന് കമ്മീഷന്‍ ചെയ്യും ഒലവക്കോട് ജംഗ്ഷനില്‍ ഒരു പ്ലാറ്റ്‌ഫോംകൂടി നിലവില്‍വരും. പാലക്കാട് പൊള്ളാച്ചി ട്രെയിന്‍ സര്‍വീസ് റഗുലറൈസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രപ്പോസല്‍ നല്‍കിയിട്ടുണ്ട്.
മൂന്ന് മെമു റേക്കുകള്‍കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അത് വരുന്നതോടെ മെമുട്രയിന്‍ എല്ലാ ദിവസവും ഓടിക്കാനാവും. ഡിവിഷന് കീഴിലുള്ള 11 സ്‌റ്റേഷനുകളില്‍ കോച്ച് ഗൈഡന്‍സ് സംവിധാനത്തിന്റെ ഭാഗമായി എല്‍ഇഡി ബോര്‍ഡ് സ്ഥാപിക്കും. ഷൊര്‍ണൂര്‍ ചെറുവത്തൂര്‍ റെയില്‍വെ ലൈന്‍ വൈദ്യുതീകരണം അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാകും.
കേരളത്തില്‍ കൂടുതല്‍ പിറ്റ് ലൈന്‍ ആവശ്യമില്ലെന്ന നിലപാടിലാണ് റെയില്‍വെയെന്നും വൈദ്യുതിവല്‍കരണം പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ മെമുട്രെയിനുകള്‍ ഓടിക്കലാണ് കേരളത്തിലെ യാത്രാപ്രശ്‌നത്തിന് പരിഹാരമെന്നും അതിനാവശ്യമായ നിലയില്‍ പാലക്കാട് മെമുഷെഡ് വികസിപ്പിക്കുമെന്നും അറിയിച്ചു.
പുതിയ അഡീഷണല്‍ ഡിവിഷന്‍ മാനേജരായി ചുമതലയേറ്റ ടി രാജ്കുമാര്‍, കെ.പി ദാമോധരന്‍ എന്നിവരും പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."