വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ ഭേദഗതി ചെയ്യുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പ്രതിഫലം പറ്റി ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനെ രാജ്യത്ത് പൂര്‍ണമായി നിരോധിക്കുന്ന 'വാടക ഗര്‍ഭപാത്ര നിയന്ത്രണബില്‍' ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മാതാവിന്റെയും കുഞ്ഞിന്റെയും അവകാശ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലാണ് ബില്‍ ഭേദഗതി ചെയ്യുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബില്‍ ഭേദഗതി ചെയ്ത് സുതാര്യമായി നടപ്പാക്കാന്‍ ദേശീയതലത്തില്‍ വാടക ഗര്‍ഭപാത്ര നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കും.
ഭേദഗതിബില്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ ബോര്‍ഡ് നിലവില്‍ വരും. ദേശീയ ബോര്‍ഡിനു കീഴില്‍ സംസ്ഥാനങ്ങളിലും ബോര്‍ഡുകളും അതോറിറ്റികളും രൂപവത്കരിക്കണമെന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനെ പരോപകാരമുള്ള പ്രവൃത്തിയായാണ് ബില്‍ നിര്‍വചിക്കുന്നത്. കുട്ടികളില്ലാത്ത ഇന്ത്യന്‍ ദമ്പതികള്‍ക്കാണ് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കാന്‍ അനുമതി നല്‍കുന്നത്. അഞ്ചോ അതില്‍ കൂടുതലോ വര്‍ഷം
നിയമപ്രകാരം വിവാഹിതരായി കഴിയുന്ന ദമ്പതിമാര്‍ക്ക് അടുത്ത ബന്ധുക്കളായ സ്ത്രീകളെ ഗര്‍ഭധാരണത്തിന് ആശ്രയിക്കാം. വാടകഗര്‍ഭത്തിന് തയാറാകുന്ന സ്ത്രീക്ക് ഭേദഗതിയിലൂടെ 16 മാസത്തെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2016ലാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
ബില്ലിലെ വ്യവസ്ഥകള്‍ ലളിതമാക്കണമെന്ന് കഴിഞ്ഞവര്‍ഷം പാര്‍ലമെന്ററി സ്ഥിരംസമിതി ശുപാര്‍ശ ചെയ്തിരുന്നു. വാടക ഗര്‍ഭധാരണത്തിനു മുതിരുന്ന സ്ത്രീകള്‍ക്ക് പ്രതിഫലമോ പാരിതോഷികമോ നല്‍കണമെന്നും വിവാഹിതര്‍ക്കു പുറമെ 'ജീവിത പങ്കാളി'കളെയും വിവാഹമോചിതരെയും ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കാന്‍ അനുവദിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."