നിസ്കരിക്കാന്‍ പള്ളി നിര്ബന്ധമില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കണം: വഖ്ഫ് ബോര്‍ഡ്
ന്യൂഡല്‍ഹി: മുസ്ലിംകള്ക്ക് നിസ്കരിക്കാന്‍ പള്ളി നിര്‍ബന്ധമല്ലെന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് സുപ്രികോടതിയില്‍ ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ രാജീവ് ധവാന് ആണ് ഈയാവശ്യം ഉന്നയിച്ചത്.
പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്നൗ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് മുമ്പാകെയുള്ളത്. കേസില്‍ അടുത്തമാസം ആറിന് വീണ്ടും വാദംകേള്‍ക്കും.
കേസില്‍ അന്തിമവാദം നടക്കുന്ന ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ ഇന്നലെ സുന്നി വഖ്ഫ് ബോര്‍ഡിന്റെ വാദം മാത്രമാണ് നടന്നത്.
മുസ്ലിംകള്ക്ക് എവിടെവച്ചും നിസ്കരിക്കാമെന്നും മുസ്ലിംകള്ക്ക് നിസ്കരിക്കാന്‍ പള്ളി നിര്ബന്ധമില്ലെന്നുമുള്ള 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ രാജീവ് ധവാന് വാദങ്ങള്‍ സമര്‍ത്ഥിച്ചത്. തര്‍ക്കപ്രദേശങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരം നല്കുന്ന 1993ലെ നിയമത്തെയും ധവാന് ചോദ്യംചെയ്തു.
കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന ആവശ്യം നേരത്തെ രാജീവ് ധവാന് ആവശ്യപ്പെട്ടിരുന്നു. അടുത്ത വാദംകേള്‍ക്കലിന് ഇക്കാര്യവും കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."