സഖ്യരാജ്യങ്ങളുടെ സമ്മര്‍ദം ഫലംകാണുന്നു; 19 വ്യക്തികളെയും എട്ട് സ്ഥാപനങ്ങളെയും ഖത്തര്‍ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി
റിയാദ്: തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നുവെന്നാരോപിച്ച് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ഫലംകാണുന്നതായി സൂചന. സഖ്യരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്ന നിരവധി വ്യക്തികളെയും സംഘടനകളെയും ഖത്തര്‍ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
19 വ്യക്തികളെയും എട്ടു സ്ഥാപനങ്ങളെയുമാണ് ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ ദേശീയ ഭീകരവിരുദ്ധ കമ്മിറ്റിയാണ് ഭീകര വിരുദ്ധപട്ടിക പരിഷ്‌കരിച്ചത്. പട്ടികയിലെ രണ്ടുപേര്‍ ഖത്തര്‍ പൗരന്മാരാണ്
അബ്ദുറഹ്മാന്‍ ഉമൈര്‍ റാഷിദ് അല്‍ നഈമിയാണ് ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖന്‍. നേരത്തെ അമേരിക്കന്‍ ട്രഷറികാര്യ മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ നഈമി ഉള്‍പ്പെട്ടിരുന്നു.
ഉപരോധം പ്രഖ്യാപിച്ചതിനുപിന്നാലെ സഊദി, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ രാജ്യങ്ങള്‍ സംയുക്തമായി പുറത്തുവിട്ട പട്ടികയിലും ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആറു സ്ഥാപനങ്ങളും സംഘടനകളും ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്.
ഖത്തര്‍ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ യമനിലെ അല്‍ ഇഹ്‌സാന്‍ ചാരിറ്റബിള്‍ സൊസൈറ്റി, ഉത്തര സിനായിലെ ഐ.എസ് ഭീകര സംഘടന എന്നിവയെ സഊദി സഖ്യരാജ്യങ്ങള്‍ നേരത്തേതന്നെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവയാണ്. അല്‍ഖാഇദക്ക് കീഴിലെ അല്‍റഹ്മ ഫൗണ്ടേഷന്റെ പങ്കാളിയാണ് അല്‍ഇഹ്‌സാന്‍ ചാരിറ്റബിള്‍ സൊസൈറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."