ഇറാഖ് അധിനിവേശത്തിന് കള്ളക്കഥയുണ്ടാക്കി; ഫലസ്തീനികള്‍ പുതിയ ദേശം തേടിപ്പോകണമെന്നും പറഞ്ഞു
വാഷിങ്ടണ്‍: അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു കള്ളക്കഥയിലൂടെ അരങ്ങൊരുക്കിക്കൊടുത്ത യുദ്ധക്കൊതിയനാണ് പുതിയ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സ്ഥാനമേല്‍ക്കാനിരിക്കുന്ന ജോണ്‍ ബോള്‍ട്ടന്‍. ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് ഇറാഖ് അധിനിവേശത്തിനു വേണ്ട ആശയ-വിദേശനയങ്ങള്‍ സജ്ജമാക്കിക്കൊടുക്കാന്‍ മുന്നിലുണ്ടായിരുന്നു വ്യക്തിയാണ് ഇദ്ദേഹം. അതിനു പുറമെ, ഫലസ്തീന്‍-ഇസ്‌റാഈല്‍ പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനു മുന്നോട്ടുവച്ച ദ്വിരാഷ്ട്രനയത്തെയും ബോള്‍ട്ടന്‍ ശക്തമായി തള്ളിപ്പറഞ്ഞിരുന്നു. ദ്വിരാഷ്ട്ര പരിഹാരം എന്നോ മരിച്ചുപോയെന്ന് 2016ല്‍ ബോള്‍ട്ടന്‍ വ്യക്തമാക്കിയിരുന്നു. പകരം ഫലസ്തീനികള്‍ക്ക് ജോര്‍ദാനിലോ ഈജിപ്തിലോ വാസസ്ഥലം ഒരുക്കിക്കൊടുക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിര്‍ദേശം.
യു.എസ് എംബസി ജറൂസലമിലേക്കു മാറ്റാനുള്ള ട്രംപിന്റെ നീക്കത്തെ ബോള്‍ട്ടന്‍ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. അതുകൊണ്ടു തന്നെ ഏറെ സന്തോഷത്തോടെയാണ് ഇസ്‌റാഈല്‍ ഭരണകൂടം ബോള്‍ട്ടന്റെ പുതിയ നിയമനത്തെ നോക്കിക്കാണുന്നത്. അസാധാരണ സുരക്ഷാ വിദഗ്ധനും പരിചയസമ്പന്നനായ നയതന്ത്രജ്ഞനും ഇസ്‌റാഈലിന്റെ ശക്തനായ സുഹൃത്തുമാണ് ബോള്‍ട്ടന്‍ എന്ന് പുതിയ വിവരം പുറത്തുവന്നയുടന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവിന്റെ സുരക്ഷാ മന്ത്രിസഭയിലുള്ള അംഗമായ നഫ്റ്റാലി ബെന്നെറ്റ് പ്രതികരിച്ചു.
'സിയോണിസ്റ്റ് യുദ്ധക്കൊതിയന്‍ വൈറ്റ്ഹൗസില്‍' എന്നാണ് ലബനീസ് പത്രമായ അല്‍ അഖ്ബാര്‍ ബോള്‍ട്ടനെ നിയമിച്ച വാര്‍ത്തയ്ക്കു നല്‍കിയ തലവാചകം. ഇറാനെതിരേ ശക്തമായ യുദ്ധം വേണമെന്നു നിരവധി തവണ അദ്ദേഹം മാധ്യമ കോളങ്ങളിലും മറ്റും ആവശ്യപ്പെട്ടുവരുന്നുണ്ട്. ഉ.കൊറിയയ്‌ക്കെതിരേയും ഇതേ സമീപനമാണുള്ളത്.
ഒന്നുകില്‍ യു.എസിനൊപ്പം അല്ലെങ്കില്‍ ഭീകരര്‍ക്കൊപ്പം എന്ന കുപ്രസിദ്ധമായ വിദേശനയത്തിന്റെ ഉപജ്ഞാതാവാണ് ബോള്‍ട്ടന്‍ എന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ തലവനും നൊബേല്‍ ജേതാവുമായ മുഹമ്മദ് അല്‍ബറാദി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."