സീനിയര്‍ വനിതാ ഇന്റര്‍ സോണ്‍ ത്രിദിനം സമനിലയിലേക്ക്
തിരുവനന്തപുരം: ദക്ഷിണ മേഖലയും ഉത്തര മേഖലയും തമ്മിലുള്ള സീനിയര്‍ വനിതാ ഇന്റര്‍ സോണ്‍ ത്രിദിന പോരാട്ടം സമനിലയിലേക്ക്. ടോസ് നേടി ഒന്നാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ദക്ഷിണ മേഖല 204 റണ്‍സില്‍ പുറത്തായി. മറുപടി ബാറ്റിങ് തുടങ്ങിയ ഉത്തര മേഖല രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെന്ന നിലയിലാണ്.
ഒരു ദിവസവും നാല് വിക്കറ്റും കൈയിലിരിക്കേ ദക്ഷിണ മേഖലയുടെ സ്കോറിനൊപ്പമെത്താന്‍ ഉത്തര മേഖലയ്ക്ക് ഒന്‍പത് റണ്‍സ് കൂടി വേണം. കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് റണ്‍സുമായി ക്യാപ്റ്റന്‍ റീമ മല്‍ഹോത്രയും നാല് റണ്‍സുമായി ടി.പി കന്‍വറുമാണ് ക്രീസില്‍. മധ്യനിരയുടെ കരുത്തുറ്റ ബാറ്റിങാണ് ഉത്തര മേഖലയ്ക്ക് തുണയായത്. 65 റണ്‍സുമായി മന്ദീപ് കൗര്‍ പൊരുതി. എച്.ബി ഡിയോള്‍ (38), സ്നെഹ് റാണ (32) എന്നിവരും തിളങ്ങി.
ദക്ഷിണ മേഖലയ്ക്കായി നിരഞ്ജന നാഗരാജന് രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ മേഖല അര്‍ധ സെഞ്ച്വറികളുമായി പൊരുതിയ ആഷ എസ് (55), നിരഞ്ജന നാഗരാജന് (53) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് സ്കോര്‍ 200 കടത്തിയത്. ഓപണര്‍ ഹേമലതയും (42) തിളങ്ങി. ഉത്തര മേഖലയ്ക്കായി കന്‍വര്‍ മൂന്നും പി.ആര് ബോസ്, എച്.ബി ഡിയോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും പിഴുതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."