വയല്‍ക്കഴുകന്‍മാരല്ല, വയല്‍ എരണ്ടകള്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വയല്‍ക്കിളി സമരക്കാര്‍ക്ക് താന്‍ നല്‍കിയ വയല്‍ക്കഴുകന്‍മാര്‍ എന്ന പേരിനു വേണ്ടത്ര ഗൗരവമില്ലെന്ന് മന്ത്രി ജി. സുധാകരന് ഒരു തോന്നല്‍.
പിന്നെ സ്വയംവിമര്‍ശനവും തെറ്റ് തിരുത്തലുമൊക്കെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ശൈലിയുടെ ഭാഗവുമാണ്. അതുകൊണ്ട് അദ്ദേഹം അതങ്ങ് തിരുത്തി. സഭയില്‍ പി.കെ അബ്ദുറബ്ബിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുന്നതിനിടയിലാണ് അദ്ദേഹം തിരുത്തല്‍ പ്രഖ്യാപിച്ചത്. അവര്‍ വയല്‍ക്കഴുകന്‍മാരല്ല, വയല്‍ എരണ്ടകള്‍ ആണെന്ന് സുധാകരന്‍. തന്റെ നാട്ടില്‍ എരണ്ടകളെക്കൊണ്ട് വലിയ ശല്യമാണ്. അവ കൂട്ടത്തോടെ വയലില്‍ പറന്നിറങ്ങി നെല്‍ക്കതിരുകള്‍ തിന്നുതീര്‍ത്ത് കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
വയല്‍ക്കിളികളെക്കുറിച്ചു മാത്രമല്ല അവര്‍ക്ക് അനുകൂലമായി വാര്‍ത്ത എഴുതുന്ന പത്രക്കാരെക്കുറിച്ചും സുധാകരന് സ്വന്തമായ അഭിപ്രായമുണ്ട്. ആ പത്രക്കാര്‍ക്കു വിവരമില്ല. അവര്‍ ഭരണഘടന വായിച്ചിട്ടില്ല.
പുസ്തകങ്ങള്‍ വായിക്കില്ല. തോന്നുന്നതൊക്കെ എഴുതിവിടുന്നു. സര്‍ക്കാരിനെതിരേ വെറുതെ കോലാഹലമുണ്ടാക്കുന്നു. കീഴാറ്റൂരിലെ ബൈപാസിന്റെ അലൈന്‍മെന്റ് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. ദേശീയപാതാ അതോറിറ്റിയാണ്. ഇതുപോലുള്ള വിഷയങ്ങളില്‍ ജില്ലാ കലക്ടര്‍മാരെ നിയന്ത്രിക്കാനും സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഐ.എ.എസ് കേന്ദ്ര സര്‍വിസാണ്. അതുകൊണ്ട് അവരെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും സുധാകരന്‍.
ഇങ്ങനെ സ്വയം തിരുത്തിയും പത്രക്കാരുടെ വിവരത്തെ കുറ്റപ്പെടുത്തിയുമൊക്കെ കത്തിക്കയറിയ സുധാകരനെ വിവരത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും പിണറായി വിജയനും തിരുത്തേണ്ടി വന്നു. മന്ത്രി പറഞ്ഞതു തെറ്റാണെന്നും ഐ.എ.എസുകാര്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യുമ്പോള്‍ അവര്‍ക്കു മേല്‍ നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും ചെന്നിത്തല.
സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവരെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു തന്നെയാണെന്ന് മുഖ്യമന്ത്രി. എന്തെങ്കിലുമൊക്കെ പറഞ്ഞ് തെറ്റിദ്ധാരണയുണ്ടാക്കരുത്. ഇതു കേട്ടപ്പോള്‍, മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് താന്‍ തിരുത്തുന്നു എന്ന് സുധാകരന്‍.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.എം നേതാവുമായ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരേ സണ്ണി ജോസഫ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയപ്പോള്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഭരണപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ചു. പണ്ട് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന് യു.ഡി.എഫ് ശിക്ഷാ ഇളവു നല്‍കുകയും ഭാര്യയ്ക്ക് കെ. കരുണാകരന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ ജോലി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍.
അതിനു മറുപടി പറയാന്‍ എഴുന്നേറ്റ പ്രതിപക്ഷത്തെ യുവ അംഗങ്ങള്‍ക്കുനേരെ വിരല്‍ ചൂണ്ടി മിണ്ടാതിരിക്കെന്നും അന്ന് നീയൊന്നും ജനിച്ചിട്ടില്ലെന്നും ബാലന്‍ പറഞ്ഞത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. ആ പ്രയോഗം പിന്‍വലിച്ചെന്ന് ബാലന്‍ പറഞ്ഞതിനു ശേഷമാണ് പ്രതിപക്ഷം ശാന്തരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."