നാട് വിറപ്പിച്ച കൊമ്പന്‍മാര്‍ കാട് കയറി
വടക്കാഞ്ചേരി: ജനവാസമേഖലയില്‍ കണ്ടെത്തിയ കാട്ടാനകളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കാട്ടിലേക്കയച്ചു. ഇന്നലെ രാത്രിയോടെ വെടിയൊച്ചയുടെയും ജനങ്ങളുടെ ആരവവും കേട്ട് ആനകള്‍ കാട്ടിലേക്ക് നീങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ആനകള്‍ ഉള്‍വനത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസവും ഈ മേഖലയില്‍ രണ്ട് ആനകളെ കണ്ടെത്തിയിരുന്നു. അന്ന് മുണ്ടൂര്‍ വനത്തിലേക്ക് കയറ്റിവിട്ട ആനകളാണ് വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് നിഗമനം.
ചൊവ്വാഴ്ച ധോണി മലയില്‍നിന്ന് ജനവാസ കേന്ദ്രങ്ങളിലെത്തിയ കാട്ടാനകള്‍ മുണ്ടൂര്‍, പറളി, മങ്കര വഴി ഭാരതപ്പുഴയിലൂടെ കൂട്ടിലമുക്ക് തടയണക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ മൂന്നോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ളശ്രമം ആരംഭിച്ചത്.
വയനാട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ നിന്നെത്തിയ ട്രാക്കേഴ്‌സ് ഫോഴ്‌സ് പടക്കംപൊട്ടിച്ചും മറ്റുമാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയച്ചത്. തുടര്‍ന്ന് വൈകിട്ട് ഏഴോടെ കായല്‍പള്ളം പ്രദേശത്തെ വയലില്‍ ആനകള്‍ എത്തിയിരുന്നു.
ആനകളെ തിരിച്ചയക്കുന്ന ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍, റെയില്‍വേ പരിസരം എന്നിവിടങ്ങളില്‍ ഒറ്റപ്പാലം പൊലിസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍മാരായ രാജേഷ് രവീന്ദ്രന്‍, വിമല്‍, എ.സി.എഫ് ജയപ്രകാശ്, ഡി.എഫ്.ഒമാരായ സി.നരേന്ദ്രനാഥ്, ശശികുമാര്‍, സൈനുല്‍ ആബിദീന്‍, സുഭാഷ് ശുയോക് പട്ടേല്‍, റെയ്ഞ്ച് ഓഫിസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 150 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥസംഘമാണ് ആനകളെ കാട്ടിലേക്ക് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."