സാമ്പത്തിക പ്രതിസന്ധി; ആദിവാസി വീട് നിര്‍മാണം പാതിവഴിയിലായി
കാട്ടിക്കുളം: കഴിഞ്ഞ മാസങ്ങളിലുണ്ടായ സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് ആദിവാസി ഭവന നിര്‍മാണത്തിനായി നീക്കിവെച്ച് ഫണ്ട് തിരിമറിനടത്തി.
ഇതോടെ ഭവനിര്‍മാണം പാതിവഴിയിലായ കുടുംബങ്ങള്‍ ദുരിതത്തിലായി. തിരുനെല്ലി പഞ്ചായത്തിലെ വിവിധ കോളനികളിലായി നിര്‍മാണം പാതിവഴിയിലായ 32 കുടുംബങ്ങളാണ് പണമില്ലാതെ വീട് പണി പൂര്‍ത്തിയാക്കാനാവാതെ പ്രയാസത്തിലായത്.
പഞ്ചായത്തിലെ ഇടക്കോട്, ബാവലി, മീന്‍കൊല്ലി, തൃശ്ശിലേരി, ആറാറ്റ്കുന്ന് എന്നീ കാടിനോട് ചേര്‍ന്നുള്ള കോളനികളിലെ ആദിവാസി കുടുംബങ്ങളാണ് വീടിന്റെ തുടര്‍ പ്രവൃത്തികള്‍ക്കായി പണം കാത്തിരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് എ.ടി.എസ്.പി പദ്ധതി പ്രകാരമാണ് കേന്ദ്രസഹായത്തോടെ ഫണ്ടനുവദിച്ചിരുന്നത്.
ഇതില്‍ നിരവധി വീടുകള്‍ വിവിധ സൊസൈറ്റികളും കരാറുകാരും ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിരുന്നു. 2015-16ല്‍ പണി തീരെ ആരംഭിക്കാത്തവരുടെ ഫണ്ട് പൂര്‍ണ്ണമായും ലൈഫ് മിഷനിലേക്ക് മാറ്റുകയും ചെയ്തു.
നിര്‍മിതി കേന്ദ്ര ഏറ്റെടുത്ത് 32 വീടുകള്‍ പൂര്‍ത്തിയാക്കാതെ ബാക്കിയുണ്ടായിരുന്നു.
ഇതാണ് പിന്നീട് ഗുണഭോക്താക്കള്‍ നേരിട്ട് പ്രവൃത്തി നടത്താന്‍ ട്രൈബല്‍ വകുപ്പ് അനുമതി നല്‍കിയത്. ഇത് പ്രകാരം തറ കെട്ടിയവരും ചുമര് പൂര്‍ത്തിയാക്കിയവരും പണി ഭാഗികമായി പൂര്‍ത്തിയാക്കിയവരും നിലവിലുണ്ട്. ഇവര്‍ക്ക് ബാക്കി പണി നടത്തണമെങ്കില്‍ അടുത്ത ഗഡു ലഭിക്കണം.
എന്നാല്‍ ജില്ലാ കലക്ടറുടെയും ഐ.റ്റി.ഡി.പി ഓഫീസറുടെയും പേരില്‍ നിക്ഷേപിച്ചിരുന്ന ഫണ്ട് മുന്‍ മാസങ്ങളിലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തിരിച്ചെടുക്കുകയായിരുന്നു. ഇനി പുതിയ അലോട്ട്മെന്റ് ലഭിച്ചാല്‍ മാത്രമെ പണം നല്കാന് കഴിയുകയുള്ളു.
ഇതിനായി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും മഴക്ക് മുമ്പായി വീട് നിര്‍മാണം പൂര്‍ത്തിയാവണമെങ്കില്‍ പെട്ടെന്ന് പണം ലഭിക്കണമെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്.
പുതിയ വീട് നിര്‍മാണത്തിനായി നേരത്തെയുണ്ടായിരുന്ന വീടുകള്‍ പൊളിച്ചു നീക്കി താല്‍ക്കാലിക ഷെഡുകളില്‍ കഴിയുന്നവര്‍ മഴയെത്തുംമുന്‍പെ വീട് പൂര്‍ത്തിയാക്കാന്‍ കഴുയുമോ എന്ന ആശങ്കയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."