ഭാഗപത്രത്തില്‍ അസ്വാഭാവികത; അപകടമരണം അന്വേഷിക്കണം
മലപ്പുറം: എട്ട് വര്‍ഷം മുന്‍പ് നടന്ന അപകടമരണത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് വനിതാകമ്മിഷന്. എടക്കര സ്വദേശിയായ വിധവയുടെ പരാതിയിലാണ് നടപടി. ഭര്‍ത്താവിന്റെ മരണശേഷം സഹോദരന് ഹാജരാക്കിയ ഭാഗപത്രത്തില്‍ ഒന്നര ഏക്കര്‍ ഭൂമി അയാളുടെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്. 35 വയസുള്ളപ്പോഴാണ് പരാതിക്കാരിയുടെ ഭര്‍ത്താവ് അപകടത്തില്‍ മരിക്കുന്നത്. 35 വയസുള്ളപ്പോള്‍ ഒരാള്‍ ഭാഗപത്രം എഴുതിവച്ചു എന്നതില്‍ അസ്വാഭാവികതയുണ്ട്. മരണം സംബന്ധിച്ച് തന്നെ ദുരൂഹത ഏറുന്നതിന് ഇത് കാരണമാകുന്നുവെന്ന് കമ്മിഷന് അംഗങ്ങള്‍ പറഞ്ഞു. ഭാഗപത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച മറ്റൊരു കേസ് മഞ്ചേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.
കാഴ്ചയില്ലാത്ത കുടുംബം ചോര്‍ന്നൊലിക്കുന്ന വീടിനു മേല്‍ക്കൂരയും ചുറ്റുമതലും വേണമെന്നു കാണിച്ചു നല്കിയ പരാതി സാമൂഹ്യനീതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ നടപ്പാക്കാന്‍ പോകുന്ന ഇന്‍ഡിവിജ്വല്‍ കെയര്‍ പ്ലാന്‍ എന്ന പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നു വനിതാകമ്മിഷന് അംഗം ഇ.എം രാധ പറഞ്ഞു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 86 പരാതികളാണ് വന്നത്. 22 എണ്ണം തീര്‍പ്പാക്കി. 11 എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."