കീഴാറ്റൂര്‍ ബൈപ്പാസ്: ദേശീയപാതയിലെ കുരുക്കഴിക്കാനെന്ന സി.പി.എം വാദം തെറ്റ്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: മംഗളൂരു-കണ്ണൂര്‍ ദേശീയപാതയിലെ വാഹനക്കുരുക്ക് അഴിക്കാനാണ് വയല്‍ നികത്തിയാണെങ്കിലും നിര്‍ദിഷ്ട കീഴാറ്റൂര്‍ ബൈപാസ് നിര്‍മിക്കുന്നതെന്ന സി.പി.എം വാദം തെറ്റ്. കീഴാറ്റൂരില്‍ എത്തുന്നതിനും മുന്‍പേ ദേശീയപാതയില്‍ പിലാത്തറയില്‍ നിന്നും തിരിഞ്ഞ് കണ്ണൂരിനടുത്ത വളപട്ടണം പാലം വരെയുള്ള നിര്‍ദിഷ്ട പിലാത്തറ-പാപ്പിനിശേരി- വളപട്ടണം പാലം കെ.എസ്.ടി.പി റോഡിന്റെ പണി പൂര്‍ത്തിയായാല്‍ പിന്നെ ദീര്‍ഘദൂര വാഹനങ്ങള്‍ ഇതുവഴിയായിരിക്കും പോകുക. മൂന്നു മേല്‍പാലങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ നാലുവരിപാതയുടെ നിര്‍മാണപ്രവൃത്തികള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. മംഗളൂരുവില്‍നിന്നു കണ്ണൂരിലേക്കും തിരിച്ചും പോകുന്ന ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര വാഹനങ്ങളെ തളിപ്പറമ്പ് ഉള്‍പ്പെടെയുള്ള ടൗണുകളിലൂടെ പോകാതിരിക്കാനാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഈ 'ബൈപാസ്' റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ദേശീയപാതയുടെ കുരുക്കഴിക്കാനുള്ള ഈ സമാന്തര പാതയുടെ കാര്യം മറച്ചുവച്ചുകൊണ്ടാണ് 29 ഹെക്ടര്‍ നെല്‍വയല്‍ നഷ്ടമാക്കുന്ന തരത്തില്‍ കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് നിര്‍മിക്കാന്‍ തയാറാകുന്നത്.
കീഴാറ്റൂര്‍ ബൈപാസിനു പിന്നില്‍ മറ്റ് ചില സാമ്പത്തിക ലക്ഷ്യങ്ങളാണുള്ളതെന്ന വയല്‍കിളികളുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതതാണിത്. നിര്‍ദിഷ്ട ബൈപാസിന് വേണ്ടിവരിക എട്ട് ലക്ഷം ലോഡ് മണ്ണാണെന്നും ഇതിന്റെ മറവില്‍ നടക്കുന്ന 56 കോടിയുടെ ഇടപാടിന്റെ സാമ്പത്തിക നേട്ടത്തില്‍ കണ്ണുവച്ചാണ് ബൈപാസിനെ ഭരണതലത്തിലും പാര്‍ട്ടി തലത്തിലും ചിലര്‍ അനുകൂലിക്കുന്നതെന്നുമാണ് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പിലാത്തറയില്‍ നിന്നും കീഴാറ്റൂര്‍, തളിപ്പറമ്പ് വഴി വളപട്ടണം പാലത്തിനടുത്തെത്തുന്നതിനേക്കാള്‍ അഞ്ചുകിലോമീറ്റര്‍ ദൂരം കുറവാണ് പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡിലൂടെ വളപട്ടണം പാലത്തിനടുത്തെത്താന്‍. ഇവിടെ നിന്നും ഏഴ് കിലോമീറ്ററാണ് കണ്ണൂര്‍ ടൗണിലേക്കുള്ളത്. അതിനാല്‍ തന്നെ മംഗളൂരു-കണ്ണൂര്‍ യാത്രക്കാര്‍ ഉപയോഗിക്കുക ഈ റോഡായിരിക്കും. ദേശീയപാത-17 വഴി കടന്നുപോകേണ്ട വാഹനങ്ങള്‍ തളിപ്പറമ്പിലേക്ക് വരേണ്ടതില്ലെങ്കില്‍ ഇപ്പോഴുള്ള റോഡുകള്‍ വികസിപ്പിച്ചാല്‍ തന്നെ ഗതാഗത പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂവെന്ന് വിദ്ഗധരും ചൂണ്ടിക്കാട്ടുന്നു.
തളിപ്പറമ്പ് ഉള്‍പ്പെടെയുള്ള ടൗണുകളില്‍ ദേശീയപാത വികസിപ്പിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് 2013ല്‍ ദേശീയപാതക്ക് സമാന്തരമായി റോഡ് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ കെ.എസ്.ടി.പി ഏറ്റെടുത്ത റോഡാണ് 114 കോടി ചെലവഴിച്ച് മൂന്നു മേല്‍പാലങ്ങളുടെ പണിയുള്‍പ്പെടെ പൂര്‍ത്തീകരിച്ച് അടുത്തുതന്നെ കമ്മിഷന്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. 2013 ഏപ്രില്‍ 22നാണ് അന്നത്തെ മുഖ്യമന്ത്രി പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2015 ഏപ്രിലില്‍ പ്രവൃത്തി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. പണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കാലാവധി നീട്ടിനല്‍കുകയായിരുന്നു. ഇപ്പോള്‍ ദേശീയപാത വഴി കടന്നുപോകുന്ന ചെറിയ വാഹനങ്ങളെ ഇതുവഴിയാണ് കടത്തിവിടുന്നത്. പണി നടക്കുന്നതിനാല്‍ വലിയ വാഹനങ്ങളെ ഇതുവഴി പോകാന്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."