ഷോപ്പിങ് കോംപ്ലക്‌സിന് ഒരു കോടി; ഗസ്റ്റ് ഹൗസിന് 15 ലക്ഷം
കാസര്‍കോട്: നഗരസഭയുടെ സ്വപ്നപദ്ധതികളായ ഷോപ്പിങ് കോംപ്ലക്‌സും ഗസ്റ്റ് ഹൗസും നിര്‍മാണത്തിന് തുടക്കമിടുമെന്ന് പ്രഖ്യാപിച്ച് കാസര്‍കോട് നഗരസഭാ ബജറ്റ്. ഷോപ്പിംങ് കോംപ്ലക്‌സിന് ഒരു കോടി രൂപയും ഗസ്റ്റ് ഹൗസിന് 15 ലക്ഷം രൂപയും വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് അവതരിപ്പിച്ച ബജറ്റില്‍ നീക്കിവച്ചു. ഷോപ്പിങ് കോംപ്ലക്‌സിന് മൂന്നു കോടിരൂപയുടെയും ഗസ്റ്റ് ഹൗസിന് ഒരു കോടി രൂപയുടെയും ചെലവ് പ്രതീക്ഷിക്കുന്നതായും ബജറ്റില്‍ വ്യക്തമാക്കുന്നു.
നഗരസഭാ പരിധിയില്‍ പുതിയ കുടിവെള്ള സ്രോതസ് കണ്ടെത്തി കുടിവെള്ള വിതരണത്തിനു പ്രത്യേക പദ്ധതി നടപ്പാക്കും. കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനും സര്‍ക്കാരിന്റെ അനുമതിയോടെ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിനും പ്രത്യേക കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനും 50 ലക്ഷം നീക്കി വച്ചിട്ടുണ്ട്. നഗരസഭയിലെ 38 വാര്‍ഡുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി വിഹിതത്തില്‍നിന്ന് ഓരോ വാര്‍ഡിന് എട്ടു ലക്ഷം രൂപ അനുവദിക്കും. ഇതിനായി 3.04 കോടി നീക്കിവച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് 30 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. പട്ടികജാതി കോളനികളില്‍ റോഡ്, നടപ്പാത, ഓവുചാലുകള്‍, കുടിവെള്ള സൗകര്യം എന്നിവയ്ക്കും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുമായി 53 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
നഗരസഭാ പരിധികളിലെ യുവതികള്‍ക്കു സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 25 ലക്ഷം രൂപ ചെലവില്‍ പവര്‍ ലോണ്‍ഡ്രി യൂനിറ്റും വനിതകള്‍ക്കായി ഷീ ലോഡ്ജിന് 35 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഫിഷ് മാര്‍ക്കറ്റില്‍ പ്രത്യേക ചില്ലറ വില്‍പന യാര്‍ഡ് നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കും.
നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മുനിസിപ്പല്‍ ഹൈസ്‌കൂളിനു മുന്നില്‍ നഗരസഭയുടെ കമാനം സ്ഥാപിക്കും. സമഗ്ര ഓവുചാല്‍ നിര്‍മാണം, ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം വിപുലീകരക്കല്‍, മത്സ്യത്തൊഴിലാളി സമഗ്ര വികസനം, സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, സാംസ്‌കാരിക കൂട്ടായ്മ എന്നിവയ്ക്കും തുക നീക്കിവച്ചിട്ടുണ്ട്.
51,68,48,067 രൂപ വരവും 45,45,68,000 ചെലവും 6,22,80,067 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റ് യോഗത്തില്‍ നഗരസഭാ ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി. പ്രതിപക്ഷ നേതാവ് പി. രമേഷ്, ഹാജിറ മുഹമ്മദ് കുഞ്ഞി, മുംതാസ് അബൂബക്കര്‍, ഹനീഫ, ഹമീദ് ബെദിര,അരുണ്‍ കുമാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."