കേരളം ഭരിക്കുന്നത് മദ്യ മുതലാളിമാര്‍: യൂത്ത് ലീഗ്
കളമശേരി: കേരളം ഭരിക്കുന്നത് മദ്യ മുതലാളിമാരാണെന്നും പിണറായി സര്‍ക്കാര്‍ അവരുടെ സേവകര്‍ മാത്രമാണെന്നും മുസ്‌ലിം യൂത്ത്‌ലീഗ് കളമശേരി ടൗണ്‍ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവരായി ഇടതു സര്‍ക്കാര്‍ മാറി എന്നതിന്റെ തെളിവാണ് യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തീരുമാനം.
സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയും കേരളത്തിലെ വീട്ടമ്മമാരെ കണ്ണീരിലാഴ്ത്തുകയും ചെയ്യുന്ന ഈ തീരുമാനത്തിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ആഭാസങ്ങള്‍ക്കെതിരേ പ്രതികരിച്ചതിന്റെ പേരില്‍ അധ്യാപകനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു.
ഇത് പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും യോഗം അഭിപ്രായപ്പട്ടു. ശാഖ ശാക്തീകരണ പദ്ധതിയായ യൂത്ത് കോണ്‍ഫാബ്, ടൗണ്‍ തലത്തില്‍ നടത്തുന്ന യൂത്ത് സമ്മിറ്റിന്റെയും രണ്ടാം ഘട്ടം ഏപ്രിലില്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
പള്ളിലാം കര ലീഗ് ഓഫീസില്‍ കൂടിയ യോഗത്തില്‍ ടൗണ്‍ പ്രസിഡന്റ് പി.എം ഫൈസല്‍ അധ്യക്ഷത വഹിച്ചു. ടൗണ്‍ ജനറല്‍ സെക്രട്ടറി പി.എ ഷെമീര്‍ സംഘടനാ പദ്ധതികള്‍ വിശദീകരിച്ചു. ട്രഷറര്‍ കെ.എ അബ്ദുള്‍ വഹാബ്, വൈ. പ്രസിഡന്റ് കെ.എച്ച് സുബൈര്‍, സെക്രട്ടറി സലിം കാരുവള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."