കാന്‍സര്‍ സെന്റര്‍ നിര്‍മാണം: നിലമൊരുക്കലിന് തുടക്കമായി
കൊച്ചി: മേഖല കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ കെട്ടിട സമുച്ചയ നിര്‍മാണത്തിന് മുന്നോടിയായി നിലമൊരുക്കലിന് തുടക്കമായി. കളമശ്ശേരിയിലെ സെന്റര്‍ ക്യാംപസില്‍ ഇന്നലെ നിലമൊരുക്കലിന് സാക്ഷ്യം വഹിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ കൂടിയമായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയും എത്തിയിരുന്നു. 12.3 ഏക്കറില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിനായി നിലമൊരുക്കുന്നതിന് 4.6 കോടി രൂപയാണ് ചെലവ്. നാല് മാസം കൊണ്ടാണ് നിലമൊരുക്കല്‍ പൂര്‍ണമാകുകയെങ്കിലും രണ്ട് മാസത്തിനകം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്ന് കലക്ടര്‍ പറഞ്ഞു.
അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ അടുത്തയാഴ്ച്ച പ്രസിദ്ധീകരിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടു മാസത്തിനകം കരാര്‍ നല്‍കുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് കാന്‍സര്‍ സെന്റര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. കാന്‍സര്‍ സെന്ററിനെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മന്ദിര സമുച്ചയം ഉള്‍പ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ 379.73 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നാനൂറ് രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള കാന്‍സര്‍ സെന്ററില്‍ പ്രതിദിനം 800 രോഗികള്‍ക്കുള്ള ഔട്ട്‌പേഷ്യന്റ് സൗകര്യവുമുണ്ടാകും. ഇതിന് പുറമെ കീമോ ചികിത്സയ്ക്കായി 50 ബെഡുകള്‍ നീക്കിവയ്ക്കും. ശസ്ത്രക്രിയകള്‍ക്കായി എട്ട് തീയേറ്ററുകള്‍, സുസജ്ജമായ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം, റേഡിയേഷന്‍ ഓങ്കോളജി, ലിനാക് യന്ത്രങ്ങള്‍ എന്നിവ അടക്കമുള്ള ആധുനിക കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളും കൊച്ചി കാന്‍സര്‍ കേന്ദ്രത്തിലുണ്ടാകും.
കാന്‍സര്‍ സെന്ററിന്റെ ഔട്ട്‌പേഷ്യന്റ് വിഭാഗം 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഔട്ട്‌പേഷ്യന്റ് വിഭാഗം പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 3900 രോഗികള്‍ ചികിത്സ തേടി. സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോപതോളജി എന്നീ വിഭാഗങ്ങളിലാണ് രോഗികള്‍ ചികിത്സ തേടിയെത്തിയത്.
കാന്‍സര്‍ സെന്ററില്‍ ഡിജിറ്റല്‍ മാമോഗ്രാം ആന്റ് മൈക്രോടോം സജ്ജമാക്കുന്നതിന് സി.പി നാരായണന്‍ എം.പിയുടെ വികസന ഫണ്ടില്‍ നിന്നും 1.5 കോടി രൂപ അനുവദിച്ചതാണ് മറ്റൊരു ചുവടുവയ്പ്. വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയും തന്റെ ഫണ്ടില്‍ നിന്നും 27 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പറേറ്റ് സാമൂഹ്യപ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയും 88 ലക്ഷം രൂപ കാന്‍സര്‍ സെന്ററിന് അനുവദിച്ചു. കാന്‍സര്‍ സെന്ററിലേക്കുള്ള ഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സമീപത്തെ മെട്രോ സ്‌റ്റേഷനിലേക്ക് പത്തോളം കെ.എസ്.ആര്‍.ടി.സി ബസുകളും നിലവില്‍ സര്‍വീസ് നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."