സ്വകാര്യവ്യക്തി ഭൂമി കൈയേറി; റോഡ് പണി തടസപ്പെട്ടു
അമ്പലപ്പുഴ: സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയ പുറമ്പോക്ക് ഭൂമി വിട്ടുനല്‍കാത്തതിനാല്‍ റോഡുനിര്‍മ്മാണം തടസ്സപ്പെട്ടത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. അമ്പലപ്പുഴ വടക്ക്പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ഏഴരപീടിക മുതല്‍ മാപ്പിളശേരിക്കടവ് പാലത്തിന് സമീപം വരെയുള്ള റോഡിന്റെ നിര്‍മ്മാണമാണ് നിലച്ചിരിക്കുന്നത്.
മാപ്പിളശേരിപ്പാലത്തിന് പടിഞ്ഞാറുഭാഗത്ത് കാപ്പിത്തോടിന്റെ വടക്കേച്ചിറയാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ കൈവശംവെച്ചിട്ടുള്ള ഭൂമിയോട് ചേര്‍ന്നുണ്ടായിരുന്ന പത്ത് സെന്റോളം ഭൂമി മാസങ്ങള്‍ക്ക് മുന്‍പ് സമീപവാസിയായ കൊച്ചുമാവേലിത്തറയില്‍ ഹരിദാസ് എന്നയാള്‍ക്ക് വിറ്റിരുന്നു. തോടിന്റെ സമീപത്തുനിന്നും നാലുമീറ്റര്‍ റോഡിനുള്ള സ്ഥലം ഒഴിവാക്കിയായിരുന്നു വില്‍പ്പന.
ഈ വിവരം ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ പിന്നീട് റോഡിനായി ഒഴിവാക്കിയിട്ട സ്ഥലം കൈയ്യേറി വേലിക്കെട്ടിത്തിരിക്കുകയായിരുന്നു. ഇരുപത്തിയഞ്ചോളം വീട്ടുകാരുടെ യാത്രാമാര്‍ഗ്ഗമായ റോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് അമ്പലപ്പുഴ ബ്ലോക്ക്പഞ്ചായത്ത് പന്ത്രണ്ട് ലക്ഷം രൂപ ചെലവില്‍ ഒരു കിലോമീറ്ററോളം ദൂരം മെറ്റല്‍ വിരിച്ചിരുന്നു.
ബാക്കിയുള്ള നൂറുമീറ്റര്‍ ഭാഗത്തെ മെറ്റലിംഗിനായി മൂന്നു ലക്ഷം രൂപയും അടുത്തിടെ അനുവദിച്ചു. ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം എം എല്‍ എ യുടെ ആസ്തിവികസനഫണ്ടില്‍ നിന്നും മുപ്പത് ലക്ഷം രൂപയും മന്ത്രി ജി സുധാകരന്‍ അനുവദിച്ചു. ഇതിനിടെയാണ് ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തില്‍ സ്വകാര്യവ്യക്തി പൊതുതോടിന്റെ സമീപത്തെ ചിറ കൈയ്യേറി സ്വന്തമാക്കിയത്. മാര്‍ച്ച് 31 ന് മുമ്പ് അനുവദിച്ച മൂന്നു ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടുന്ന സ്ഥിതിയാണുളളത്. കൂടാതെ ടാറിംങ് ജോലികള്‍ക്കായി മന്ത്രി അനുവദിച്ച മുപ്പതുലക്ഷം രൂപയും നഷ്ടമാകും. സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കാണെന്നും റോഡ് നിര്‍മ്മാണത്തിന് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് സ്ത്രീകള്‍ രംഗത്തെത്തിയെങ്കിലും അത് അംഗീകരിക്കാതെ റോഡ് നിര്‍മാണത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. സ്ഥലംവിട്ടുനല്‍കാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന ഇയാളുടെ വിട്ടുപടിക്കല്‍ സമരം ചെയ്യാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."