നെയ്യാറ്റിന്‍കര നഗരസഭാ ബജറ്റ് 2018-2019: സമഗ്ര വികസനത്തിന് ഊന്നല്‍
നെയ്യാറ്റിന്‍കര: സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി നെയ്യാറ്റിന്‍കര നഗരസഭയുടെ 2018-2019 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഇന്നലെ രാവിലെ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു ബജറ്റ് അവതരിപ്പിച്ചു.
മാലിന്യ വിമുക്ത നഗരം, കാര്‍ഷിക മേഖലക്ക് പ്രത്യേക പരിഗണന, നഗര ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യ മേഖലക്ക് നൂതന പദ്ധതികള്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍. 132,17,79,201 രൂപ വരവും 124,87,57,406 രൂപ ചെലവും 7,30,21,795 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ലിങ്ക് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കും. നഗരത്തില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കു മെന്നും ബജറ്റില്‍ പറയുന്നു.
സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കാനുളള പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കും. അരുവിപ്പുറത്തിന്റെ വികസനത്തിന് ഉതകുന്ന തരത്തില്‍ പെരുമ്പഴുതൂര്‍ ജങ്ഷന്‍ വികസിപ്പിക്കും.
ഗ്രാമം ജങ്ഷനില്‍ ചരിത്ര മ്യൂസിയവും ആര്‍ട് ഗ്യാലറിയും സ്ഥാപിക്കും. ഓലത്താന്നിയില്‍ ആധുനിക രീതിയിലുളള ലാബ് എന്നീ പദ്ധതികള്‍ക്ക് പ്രത്യേകം തുകകള്‍ വകയിരുത്തുന്നതായിരുന്നു ബജറ്റ് നിര്‍ദേശങ്ങള്‍. കൂടാതെ നഗരത്തിലെ മുഴുവന്‍ പട്ടികജാതിക്കാര്‍ക്കും ഭൂമിയും വീടും നല്‍കുന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു. നിലവിലുളള പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ നവീകരിക്കും.
ആറാലുംമൂട് കാളച്ചന്തയില്‍ ആധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കും. ഇതിലേക്ക് വേണ്ടിവരുന്ന തുക ദേശസാല്‍കൃത ബാങ്കുകളുടെ സഹകരണത്തോടെ വായ്പാധിഷ്ഠിത പദ്ധതിയായി നടപ്പിലാക്കും. നെയ്യാറ്റിന്‍കര ടൗണ്‍ മാര്‍ക്കറ്റിലെ കോംപ്ലക്‌സ് നവീകരണത്തിനായി 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ജൈവ സമൃദ്ധിയുടെ ഭാഗമായി തരിശുഭൂമി കൃഷി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടപ്പിലാക്കും.
സമഗ്ര നെല്‍കൃഷി, സമഗ്ര വാഴകൃഷി, തെങ്ങുകൃഷി, തിരിനന പച്ചക്കറികൃഷി എന്നിവ നടപ്പിലാക്കും. ഇതിലേക്കായി 47 ലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
നഗരവാസികളുടെ ചിരകാല ആവശ്യമായിട്ടുളള ക്രിമിറ്റോറിയം ഈ വര്‍ഷം നടപ്പിലാക്കും. നഗരസഭ കണ്ടെത്തിയിട്ടുളള 50 സെന്റ് സ്ഥലത്ത് ആധുനിക രീതിയിലുളള ഗ്യാസ് ക്രിമിറ്റോറിയമായിരിക്കും നിര്‍മിക്കുക.
അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയ്ക്കായി ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി 100 തൊഴില്‍ ദിനം ഉറപ്പ് വരുത്തും. തുടങ്ങി നിരവധി പദ്ധതികളുടെ നിര്‍ദേശങ്ങളാണ് ബജറ്റില്‍ അവതരിപ്പിക്കപ്പെട്ടത്.
നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ അധ്യക്ഷനായ യോഗത്തില്‍ നഗരസഭ സെക്രട്ടറി സജി എസ്.എസ് സംബന്ധിച്ചു. ബജറ്റന്മേലുളള ചര്‍ച്ച മാര്‍ച്ച് 26ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."